മയാമി: ലോകകപ്പ് സി- ഗ്രൂപ്പിലെ ആവേശകരമായ മത്സരത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ബ്രസീൽ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാന്പ്യൻമാരായി നോക്കൗട്ടിൽ കടന്നു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.30ന് മയാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം. പ്രമുഖതാരം വിനീഷ്യസ് ജൂണിയർ രണ്ടുഗോളുകൾ നേടി ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചപ്പോൾ മൂന്നാമത്തെ ഗോൾ മതേയൂസ് കുന്യയുടെ വകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്ത്തിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് മൊറോക്കോയും നോക്കൗട്ടിലെത്തി. ബ്രസീലും മൊറോക്കോയും ഏഴു പോയിന്റുകൾ വീതം നേടിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ബ്രസീലാണ് മുന്നിൽ. പരിക്ക് മാറിയ സൂപ്പർതാരം നെയ്മർ 76-ാം മിനിറ്റിൽ മതേയൂസ് കുന്യയ്ക്ക് പകരം ബ്രസീൽ നിരയിലെത്തി. മൂന്ന് വർഷത്തിന് ശേഷമാണ് നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങുന്നത്. 2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീലിനായി കളിച്ചത്. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ താരത്തിന് പിന്നീട് ദേശീയ ജഴ്സിയിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
സി- ഗ്രൂപ്പിൽ ജേതാക്കൾ ആരാകുമെന്ന നിർണായക മത്സരത്തിൽ ആക്രമണത്തിന് മുൻതൂക്കവുമായി 4-3-3 എന്ന ശൈലിയിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മഞ്ഞപ്പടയെ വിന്യസിപ്പിച്ചത്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ മുന്നേറ്റനിര പലപ്പോഴും സ്കോട്ടിഷ് ഗോൾ മുഖത്ത് അപകടം വിതച്ചു. കൗണ്ടർ അറ്റാക്കിലൂടെ സ്കോട്ടിഷുകാരും ബ്രസീൽ ബോക്സിലേക്ക് മുന്നേറി. മികച്ച സേവുകളുമായി ബ്രസീലിന്റെ ഗോൾകീപ്പർ അലിസണ് ബെക്കറും ഫോമിലായി.
ഏഴാം മിനിറ്റിൽ തന്നെ ബ്രസീലിനായി വിനീഷ്യസ് ജൂണിയർ ലക്ഷ്യം കണ്ടു. സ്കോട്ട്ലൻഡ് പ്രതിരോധതാരം സ്കോട്ട് മക്കെന്നയുടെ പിഴവാണ് ഗോളിലേക്ക് വഴി തുറന്നത്. പന്ത് തട്ടിത്തെറിച്ച് വിനീഷ്യസ് ജൂണിയറിലേക്കെത്തി. മുന്നിൽ സ്കോട്ടിഷ് ഗോൾകീപ്പർ ആംഗസ് ഗണിനെ മറികടന്ന് വിനീഷ്യസ് പന്ത് വലയിലാക്കി. 22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് തള്ളപ്പെട്ടു.
30-ാം മിനിറ്റിൽ സ്കോട്ട്ലൻഡിന് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം അകന്നു. 45-ാം മിനിറ്റിൽ ബ്രസീൽ താരങ്ങളുടെ മുന്നേറ്റം ഗോളിൽ കലാശിക്കേണ്ടതായിരുന്നു. സ്കോട്ടീഷ് പ്രതിരോധം അത് വിഫലമാക്കി. വീണ്ടും ബ്രസീലിന്റെ മുന്നേറ്റം. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ വിനീഷ്യസ് ലീഡ് ഉയർത്തി. ബ്രൂണോ ഗ്യുമറേസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഗോൾ കീപ്പർക്കും പ്രതിരോധ താരത്തിനും മുകളിലൂടെ ബോക്സിന്റെ മൂലയിലേക്ക് ഇറങ്ങവേ ഓടിയെത്തിയ വിനീഷ്യസ് മികച്ചൊരു ഹെഡറിലൂടെ ലക്ഷ്യം കണ്ടു. ലോകകപ്പിൽ മൂന്നു മത്സരങ്ങളിൽ നിന്ന് വിനീഷ്യസിന്റെ നാലാം ഗോളായിരുന്നു അത്. 2-0 ഗോളുകൾക്ക് ബ്രസീൽ മുന്നിൽ.
60-ാം മിനിറ്റിൽ ബ്രസീൽ വീണ്ടും ഗോൾ നേടി ആധിപത്യം ഉറപ്പിച്ചു.ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളിൽ അങ്കലാപ്പുണ്ടാക്കി ബ്രൂണോ ഗ്യുമറേസ് നൽകിയ പന്ത് മതേയൂസ് കുന്യ ലക്ഷ്യത്തിലെത്തിച്ചു. 3-0. കളിയുടെ അവസാനഘട്ടത്തിൽ ലൂകാസ് പക്വേറ്റ, കാസെമിറോ എന്നിവരെ പിൻവലിച്ച് ഫാബിനോ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെ ബ്രസീൽ കളത്തിലിറക്കി. 76-ാം മിനിറ്റിലാണ് സൂപ്പർതാരം നെയ്മർ എത്തിയത്. മതേയൂസ് കുന്യയ്ക്ക് പകരമായി കളത്തിലിറങ്ങിയ നെയ്മർ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അപകടം വിതക്കാനായില്ല. അവസാന മിനിറ്റുകളിൽ ആശ്വാസ ഗോളിനായി സ്കോട്ട്ലൻഡ് നിര ആവുന്നത്ര പൊരുതിയെങ്കിലും ബ്രസീൽ പ്രതിരോധം വിട്ടുകൊടുത്തില്ല.
