കഴിച്ച ബിസ്കറ്റിന്റെ പൊടി അപ്പോഴും അവന്റെ ചുണ്ടിൽത്തന്നെയുണ്ടായിരുന്നു. ബീഹാറിലെ ബഹുസ്വരായി ജില്ലയിലെ മുസഹാരിയിലെ ഒരു നാട് മുഴുവൻ ആറ് മാസം പ്രായമായ അവന്റെ അയൽവാസിയെത്തേടി പാഞ്ഞുകൊണ്ടേയിരുന്നു. പലരും പല വഴികളിലായി തിരച്ചിൽ ആരംഭിച്ചു. പെട്ടെന്നതാ ഒരു ബാലന്റെ ശബ്ദം, കുറ്റിക്കാട്ടിലെ മണ്ണ് നീക്കിനോക്ക് അവൾ അവിടെയുണ്ടാകും. പറഞ്ഞ് തീരും മുൻപേ നാട്ടുകാരിൽ ഒരാൾ അവന്റെ വാ പൊത്തിപ്പിടിച്ചു. എന്തൊക്കെയാ ഈ ചെക്കൻ വിളിച്ചു കൂവുന്നതെന്നായി. എന്നാൽ പറഞ്ഞത് വീണ്ടും അവൻ ആവർത്തിച്ചു. അതോടെ ആ എട്ട് വയസുകാരൻ പറയുന്നതിൽ സത്യം കാണുമോ എന്നറിയാൻ നാട്ടുകാർ അങ്ങോട്ടേക്ക് ഓടി. പെട്ടെന്നതാ കുറ്റിക്കാട്ടിൽ നിന്നും ഒരു നിലവിളി. അവൻ പറഞ്ഞതുപോലെ അവിടെ ഒരു കുഞ്ഞ് മൺകൂന. വന്നവരിൽ ചിലർ മണ്ണ് നീക്കം ചെയ്തു നോക്കിയപ്പോഴതാ ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു പിഞ്ചു കുഞ്ഞ്. ഒന്നുകൂടി ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. തങ്ങൾതിരഞ്ഞു നടന്ന ഖുശ്ബു!!! കൂട്ടത്തിൽ ഒരാൾ അവളെ വാരിയെടുത്തു നെഞ്ചോട് ചേർത്തു. ആ കുഞ്ഞു ഹൃദയമിടിപ്പ് നിലച്ചെന്ന് അദ്ദേഹത്തിനു മനസിലായി. ചേതനയറ്റ അവളുടെ ആ കുഞ്ഞ് ശരീരം കണ്ട് ചോര മരവിച്ച് നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ തെല്ലും കൂസലില്ലാതെ ആ എട്ട് വയസുകാരനുമുണ്ടായിരുന്നു.
വിവരം കാട്ടു തീ പോലെ പടർന്നു. പോലീസ് അവിടേക്കെത്തി, നാട്ടുകാർ അവർ കണ്ട കാര്യം പോലീസിനെ ധരിപ്പിച്ചു. എല്ലാം കേട്ട പോലീസുകാരിൽ ഒരാൾ ആ ചെറിയ ബാലന്റെ അടുത്ത് വന്നു. മോന്റെ പേരെന്താ?. സദാ സാർ…. അമർജിത് സദാ… എന്നവൻ നെഞ്ച് വിരിച്ച് പറഞ്ഞു. അങ്കിൾ മോനോട് ഒരു കാര്യം ചോദിച്ചാൽ മോൻ സത്യം പറയുമോ? എനിക്ക് ബിസ്കറ്റ് വാങ്ങിത്തന്നാൽ ഞാൻ എല്ലാം പറയാം.
പായ്ക്കറ്റുകളിലെ ബിസ്കറ്റുകൾ ഓരോന്നായി കഴിക്കുന്നതോടൊപ്പം ആ കുഞ്ഞു വായിൽ നിന്ന് അവൻ ചെയ്ത ക്രൂരതകളും പുറത്തേക്ക് വന്നു. ചിറ്റയുടെ ആറുമാസം പ്രായമുള്ള കുട്ടിയായിരുന്നു അവന്റെ ആദ്യ ഇര. അവധിക്കാലം ചിലവിടാന്‍ വീട്ടിലെത്തിയതായിരുന്നു അവന്റെ അമ്മയുടെ അനുജത്തി മീനയും കുഞ്ഞും. എന്നാൽ പെട്ടെന്നൊരു ആവശ്യം വന്നതോടെ മീനയ്ക്ക് നഗരത്തിലേക്ക് പോവേണ്ടി വന്നു. കുഞ്ഞിനെ തന്റെ ചേച്ചി നന്നായി നോക്കിക്കോളുമെന്ന പ്രതീക്ഷയിൽ അവർ നഗരത്തിലേക്ക് പോയി. എന്നാൽ ആ പകൽ മീനയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. അവൻ നോക്കിയപ്പോൾ കുഞ്ഞുവാവ നല്ല ഉറക്കത്തിലാണ്. കുസൃതിയോടെ അവനും അവളുടെ അടുത്തെത്തി. ഉറങ്ങിക്കിടക്കുകയിരുന്ന ആ കുഞ്ഞിന് ആദ്യം ഒരു നുള്ള് കൊടുത്തു.വേദന കൊണ്ട് വാവിട്ടുകരയുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ അമര്‍ജീത്തിന് കൗതുകം കൂടി. കരച്ചിൽ കൂടിവരുന്നത് അവൻ ആസ്വദിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം അമർജിത്തിന്റെ അമ്മ പുറത്ത് പോയ തക്കംനോക്കി കട്ടിലിൽ കിടന്നു കളിച്ച കുഞ്ഞിനെ അവൻ തന്റെ രണ്ടുകൈകകളും ഉപയോഗിച്ച് കഴുത്തില്‍ അമര്‍ത്താന്‍ തുടങ്ങി. ശ്വാസം കിട്ടാതെ കുട്ടി പിടയുന്നത് അവൻ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ടു. എന്നിട്ടും അവന്റെ ഉള്ളിലെ മൃഗത്തിന്റെ ആർത്തി അടങ്ങിയില്ല. കുഞ്ഞിന്റെ ശരീരം വാരിയെടുത്ത് പറന്പിലേക്ക് നടന്നു. അവിടെ നിന്ന് ഒരു ഇഷ്ടിക എടുത്ത് കുഞ്ഞിന്റെ തലയിൽ ആഞ്ഞടിച്ചു. ചോര പുഴപോലെ ഒഴുകുന്നത് നോക്കി നിന്ന് അവൻ ആ കാഴ്ച ആസ്വദിച്ചു. ശേഷം ഒരു കുഴിയെടുത്ത് കുഞ്ഞ് ശരീരം മറവ് ചെയ്തു. സ്ഥലം മാറിപ്പോകാതിരിക്കാന്‍ അവിടെ ഒരു കമ്പും ഇഷ്ടികയും അടയാളമെന്നോണം എടുത്തുവച്ചു.
അപ്പോഴേക്കും സദയുടെ അമ്മ വീട്ടിലേക്ക് എത്തിയിരുന്നു. മുറിയിലെത്തി കുഞ്ഞിനെ അവിടെയൊക്കെ നോക്കി. എന്നാൽ എവിടെയും കുട്ടിയെ കണ്ടില്ല. അവർ പരിഭ്രാന്തിയോടെ സദായുടെ അടുത്തേക്കോടിയെത്തി കുഞ്ഞെവിടെയെന്ന് ചോദിച്ചു. കുഞ്ഞിനെ ഞാൻ കൊന്നുകളഞ്ഞു അമ്മേ, നല്ല രസമായിരുന്നു….. തെല്ലും കൂസാതെയുള്ള മറുപടി കേട്ട് അവർക്ക് ദേഷ്യം വന്നു. മോനേ അമ്മയോട് സത്യം പറ, കുഞ്ഞെവിടെ? അമ്മയെ പിടിച്ച് വലിച്ചുകൊണ്ട് അമർദീപ് നടന്നു ചെന്നത് വീടിനു പിന്നിലെ കൃഷിയിടത്തിലേക്കാണ്. അവിടെയെത്തി കുഴി മാന്തി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് ചേതനയറ്റ കുഞ്ഞിന്റെ ശരീരം കണ്ട് ആ അമ്മ ഞെട്ടിപ്പോയി. അതിലുപരി മീനയോട് എന്തു പറയുമെന്നായി ആധി.
സദായുടെ അച്ഛനും അമ്മയും വിവരം പുറത്തറിയാതെ സൂക്ഷിച്ചു. ദിവസങ്ങൾക്കു ശേഷം മീന തിരികെയെത്തിയപ്പോൾ കരഞ്ഞു കൊണ്ട് വിവരങ്ങൾ പറയാനല്ലാതെ അവർക്ക് മറുത്തൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നമ്മുടെ സദ കുഞ്ഞല്ലേ? അവൻ അറിയാതെ ചെയ്തതായിരിക്കും പുറത്തു പറഞ്ഞാൽ കുഞ്ഞിന്റെ ഭാവിക്ക് അത് ദോഷം ചെയ്യുമെന്നുമൊക്കെ അവർ സഹോദരിയെ പറഞ്ഞു മനസിലാക്കി. അങ്ങനെ ആ അരുംകൊല അന്ന് ആ വീടിന്റെ നാല് ചുമരുകൾക്കുള്ളിലൊതുങ്ങി.
ആഴ്ചകളും മാസങ്ങളും കടന്നുപോയി. അങ്ങനെ സദയുടെ അമ്മ രണ്ടാമതൊരു പെൺകുഞ്ഞിനു ജൻമം നൽകി. അനുജത്തി വന്നതോടെ സദയുടെ സ്വഭാവം മാറുമെന്ന് ആ മാതാപിതാക്കൾ വിശ്വസിച്ചു. എന്നാൽ അച്ഛനും അമ്മയുമുള്ള തങ്ങളുടെ ആ കൊച്ചു ലോകത്തേക്ക് ഇടിച്ചുകയറിവന്ന ഒരു അപരിചിത മാത്രമായിരുന്നു അവന് അനുജത്തി. അവനൊപ്പം അവളും ആ വിട്ടിൽ വളർന്നു. എന്നാൽ അവളെ കളിപ്പിക്കാനോ കൂടെ ഇരിക്കാനോ അവൻ ഇഷ്ടപ്പെട്ടില്ല. അനിയത്തിക്കുട്ടിക്ക് കൃത്യം എട്ട് മാസം പ്രായമായി. അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടുകാരുമൊത്ത് കളിച്ച് ക്ഷീണിച്ച് അവൻ വീട്ടിലേക്ക് കയറി വന്നു. അപ്പോഴാണ് കുഞ്ഞ് അമ്മയുടെ കൂടെ ഉറങ്ങി്കകിടക്കുന്നത് അവൻ കണ്ടത്. അമ്മയെ ഉണർത്താതെ ചിരിച്ചുകൊണ്ട് ആ കുഞ്ഞിന്റെ അടുത്തേക്ക് അവൻ നടന്നു. അവനെ കണ്ടതും ആ കുഞ്ഞിക്കണ്ണുകൾ വിടർന്നു, കുഞ്ഞി മോണ കാട്ടി അവൾ ചേട്ടനെ നോക്കി ചിരിച്ചു. സദാ ചിരിച്ചുകൊണ്ട് അവളുടെ തൊണ്ടക്കുഴിയിൽ വിരലിറക്കി ഞെരിച്ചു. കുഞ്ഞ് പിടയുന്നത് കണ്ട് അവൻ വന്യമായി ചിരിച്ചുകൊണ്ടേയിരുന്നു. നിമിഷനേരം കൊണ്ട് അവളും നിശ്ചലമായി.
ഉറക്കമുണർന്ന അമ്മ പാല് കൊടുക്കാൻ കുഞ്ഞിനെ എടുത്തു. എന്നാൽ എത്ര വിളിച്ചിട്ടും കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് വീണ്ടും വീണ്ടും കുലക്കി കുലുക്കി വിളിച്ചു. അനക്കമില്ലെന്ന് കണ്ട് ഭയന്ന അമ്മ ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു. അമ്മയുടെ കരച്ചിൽ കേട്ട് നിന്ന അമർജിത് പറഞ്ഞു, ഇനി വിളിച്ചിട്ട് കാര്യമില്ല, അവളെ ഞാൻ കൊന്നു. മകൻ പറയുന്നത് കേട്ടവർ സ്തംഭിച്ചു നിന്നു. എന്നെ മിഴിച്ച് നോക്കണ്ട, ഞാൻ അവളെ അങ്ങട് കൊന്നു.
‘മകളുടെ ഘാതകൻ ജൻമം നൽകിയ മറ്റൊരു മകൻ… എന്താ അല്ലേ!
പക്ഷേ ഭയവും നാണക്കേടും കാരണം കൊലപാതക വിവരം മാതാപിതാക്കൾ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചുവച്ചു. ഒരു മകനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് അന്ന് ആ അച്ഛനും അമ്മയും ചെയ്തത്. അതവന് അടുത്ത കൊല ചെയ്യാൻ പ്രചോദനമായി. അവന്റെ ആ വീട് വീണ്ടും പഴയപോലെ ആയി. കുഞ്ഞിന്റെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും കരകയറിയ അവന്റെ വീട്ടുകാർ പൂർവ സ്ഥിതിയിലായി. എല്ലാം പണ്ടത്തെപ്പോലെതന്നെ തുടർന്നു.
രണ്ട് കൊലപാതകങ്ങൾ ചെയ്തിട്ടും ആരുമൊന്നു നുള്ളി നോവിക്കുക പോലും ചെയ്യാത്തത് ചോരയോടുള്ള അവന്റെ ദാഹത്തിനു കാരണമായി. അങ്ങനെ മൂന്നാമത്തെ അവന്റെ ഇരയെത്തേടി നടന്നുകൊണ്ടേയിരുന്നു. ആ തിരച്ചിൽ ചെന്നെത്തിയത് അവന്റെ അയൽവാസിയായ ചുൻചുൻ ദേവിയുടെ മകൾ ഖുശ്ബുവിന്റെ അടുത്തേക്കാണ്. ഖുശ്ബുവിനെ ഗ്രാമത്തിലെ പ്രൈമറി സ്കൂൾ വരാന്തയിൽ ഉറക്കി കിടത്തിയിട്ട് ചുന്‍ചുന്‍ ദേവി തൊട്ടുത്തു തന്നെ ജോലിയില്‍ മുഴുകി. എന്നാൽ തിരികെ വന്നപ്പോള്‍ കുഞ്ഞില്ല. അമർജിത്തിനെ ആ പരിസരങ്ങളിൽ കണ്ടതായി ചില ആളുകൾ പറഞ്ഞു. അങ്ങനെ എല്ലാവരും അവന്റെ വീട്ടിലേക്ക് എത്തി. ഖുശ്ബു എവിടെയെന്ന് ആവർത്തിച്ചു ചോദിച്ചു. പതിവ് പോലെ ചുണ്ടിൽ ചിരിയുമായി അവൻ നിന്നു. നാട്ടുകാർ ഉടൻതന്നെ നാനാ ദിക്കിലേക്കോടി കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.
കുട്ടിയെ കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുത്തതോടെ അവൻ ചെയ്ത മൂന്ന് കൊലപാതകക്കഥകളുടേയും ചുരുളുകൾ താനേ അഴിഞ്ഞു. കൊലപാതകക്കഥ പറയിപ്പിക്കാൻ പോലീസിന് വേണ്ടി വന്നത് വെറും രണ്ട് കവർ ബിസ്കറ്റുകൾ മാത്രം. ചോദ്യം ചെയ്യലിനിടെ അവൻ കരഞ്ഞില്ല, ഭയന്നില്ല. പകരം “എനിക്ക് ബിസ്കറ്റ് തരുമോ?” എന്ന് മാത്രം ചോദിച്ചു. യാതൊരു കുറ്റബോധവും അവനന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തത് പോലീസിന് അത്ഭുതം ഉണ്ടാക്കി. വൈദ്യ പരിശോധനയിൽ ഡോക്ടർമാർ അവന് കണ്ടക്ട് ഡിസോർഡർ അഥവാ പെരുമാറ്റ വൈകല്യം ഉണ്ടെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്നതാണ് ഈ അവസ്ഥ. തെറ്റോ ശരിയോ ഏതെന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഈ അവസ്ഥയാണ് അവനെ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചതെന്ന് വിദഗ്ധർ പറയുന്നു.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ആ എട്ട് വയസുകാരനെ ചികിത്സയ്ക്ക് വിധേയനാക്കുകയും പിന്നീട് പുതിയ ഐഡന്റിറ്റിയോടെ മോചിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ജനരോക്ഷം ഭയന്ന് സർക്കാർ അവന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അമർജീത് സദ ഇന്ന് എവിടെയാണ് എന്തുചെയ്യുന്നു? ഇതൊന്നും ആർക്കുമറിയില്ല. ഒരു പക്ഷേ വീണ്ടുമവൻ നമ്മളിൽ ഒരാളായി തന്റെ അടുത്ത ഇരയെത്തേടി അലയുന്നുണ്ടാകണം…..
