ജയ്പുര്‍: നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹായിയായ ഭീകരനെ വിവാഹം കഴിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ തയാറെടുക്കുകയായിരുന്ന യുവതി അറസ്റ്റില്‍.
ജയ്പുര്‍ സ്വദേശിനിയായ ബബിത ധാക്കഡ് എന്ന ഖദീജയെയാണ് രാജസ്ഥാന് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
2025ലെ പഹല്‍ഗാം ആക്രമണത്തിനു ശേഷം യുവതി സോഷ്യല്‍ മീഡിയയില്‍ പാക്കിസ്ഥാന് ഭീകരരെ തെരയാന്‍ തുടങ്ങി. ക്രമേണ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള പലരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും ബബിത പറഞ്ഞു.
ഇതിനിടെയാണ് അബു ഉബൈദ എന്നയാളുമായി ഇവര്‍ സൗഹൃദത്തിലാകുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്സ്ആപ്പ് എന്നിവ വഴി ഇവര്‍ നിരവധി പാക്കിസ്ഥാന് സ്വദേശികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
