തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ 28 കുട്ടികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. തൃശൂര്‍ റേഞ്ച് ഡിഐജി. ടി. നാരായണനോടാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.
വാളയാറില്‍ ഉള്‍പ്പെടെ കഴിഞ്ഞ എട്ടുവര്ഷക്കാലത്തിനിടെ 28 കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടുവെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു.
ആഭ്യന്തരമന്ത്രി ഈ നിവേദനത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
