വെള്ള മുണ്ടും ഷർട്ടും ധരിച്ച് ജപ്പാനിലെ റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ പിടിക്കാനായി ഓടുന്ന കോടീശ്വരനായ സോഹോ കമ്പനി സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിദേശരാജ്യങ്ങളിൽ പോകുമ്പോഴും ഇന്ത്യൻ സംസ്കാരവും വസ്ത്രധാരണ രീതിയും ആത്മവിശ്വാസത്തോടെ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
തോളിൽ ഒരു ബാഗും തൂക്കി, അതിവേഗ ട്രെയിനിൽ കയറാനായി മറ്റൊരു സുഹൃത്തിനൊപ്പം ശ്രീധർ വെമ്പു റെയിൽവേ സ്റ്റേഷനിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് അദ്ദേഹം തന്നെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. “ട്രെയിൻ പിടിക്കാനായുള്ള ഈ ഓട്ടത്തെക്കാൾ മികച്ചതായി ജപ്പാനെ അടയാളപ്പെടുത്താൻ മറ്റൊന്നിനും കഴിയില്ല,” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ശ്രീധർ വെമ്പു ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
സാധാരണ ബിസിനസ് വസ്ത്രങ്ങൾക്ക് പകരം സ്വന്തം നാടൻ വസ്ത്രധാരണത്തിന് മുൻഗണന നൽകിയ വെമ്പുവിന്റെ ലളിത ജീവിതത്തെ നെറ്റിസൺസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് വഴങ്ങാതെ സ്വന്തം സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതിലാണ് യഥാർഥ ആത്മവിശ്വാസമെന്ന് പലരും കമന്റ് ചെയ്തു. മുണ്ടുടുത്തുകൊണ്ട് ഇത്രയും വേഗത്തിൽ ഓടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചിലർ തമാശ രൂപേണ കുറിച്ചപ്പോൾ, ജപ്പാന്റെ കൃത്യനിഷ്ഠയും നമ്മുടെ ‘ഇന്ത്യൻ സമയവും’ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു മറ്റു ചിലരുടെ കമന്റുകൾ.
