തലശേരി\കണ്ണൂർ: നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ ഡ്രൈവർ വേഷത്തിൽ കയറി പണം കവരുന്ന വിരുതൻ തലശേരിയിൽ പോലീസ് പിടിയിൽ. കാസർഗോഡ് ചിറ്റാരിക്കൽ ആയന്നൂരിലെ ഷൈജു ജോസഫാണ് (34) പിടിയിലായത്. ഡ്രൈവർ പുറത്തുപോകുന്ന തക്കംനോക്കി ഓട്ടോറിക്ഷകളിലെ ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ഡാഷ് ബോക്സിൽനിന്ന് പണം കവരുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.
ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചെന്ന സംശയത്തിൽ മർദിച്ചെന്ന ഇയാളുടെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന രണ്ടുപേർക്കുമെതിരെ കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നിരവധി മോഷണ കേസുകളിലെ പ്രതിയായ ഷൈജുവിനെ തലശേരി പോലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ മാലൂർ മല്ലനൂരിലെ വൃന്ദാവനിൽ പി. വിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം ഓട്ടോയുമായി തലശേരിയിലെത്തിയ വിജിത്ത് ജനറൽ ആശുപത്രിക്കടുത്ത ഒരു ലാബിനടുത്ത് വണ്ടി നിർത്തി പുറത്തുപോയിരുന്നു. ഈ സമയത്താണ് ഡ്രൈവർ വേഷധാരിയായ ഷൈജു ഓട്ടോയിൽ കയറി ഡാഷ് ബോക്സ് കുത്തിത്തുറന്ന് 8000 രൂപ കവരുന്നത്. വിജിത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ചു പ്രചരിപ്പിക്കുകയും ഇതിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടുകയുമായിരുന്നു.
ഈ മാസം നാലിന് പുലർച്ചെ 5.30ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കൂൾ ബാറിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽനിന്ന് ഡാഷ്ബോർഡ് തകർത്ത് 5500 രൂപ മോഷ്ടിച്ചുവെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും കൂടെയുണ്ടായിരുന്ന രണ്ടുപേരും മർദ്ദിച്ചെന്നാണ് ഷൈജു കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നത്.
