തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാവപ്പെട്ടവർക്കും അവശ വിഭാഗങ്ങൾക്കും നേരിട്ട് സഹായം എത്തിക്കുന്ന നിലവിലെ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പത്ത് വർഷമായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സ്വമേധയാ തെരഞ്ഞെടുത്തവരെ ഒഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരിൽ വലിയൊരു വിഭാഗത്തിന് സഹകരണ സംഘങ്ങൾ വഴി വീട്ടുപടിക്കൽ പെൻഷൻ തുക ലഭിച്ചുവരികയായിരുന്നു. ഈ സംവിധാനം അവസാനിപ്പിച്ച് മുഴുവൻ ഗുണഭോക്താക്കൾക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രം പെൻഷൻ നൽകാനാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്തവരും പ്രായാധിക്യം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവരുമായ നിരവധി പേർ നിലവിലെ വീട്ടുപടിക്കൽ വിതരണ സംവിധാനത്തെ ആശ്രയിക്കുന്നവരാണ്. പുതിയ തീരുമാനം ഇവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് പുതിയ ഉത്തരവിന് പിന്നിലെന്നും, പെൻഷൻ ഒരു അവകാശമല്ല മറിച്ച് സർക്കാരിന്റെ ഔദാര്യമാണെന്ന സമീപനമാണ് ഇതിന് പിന്നിലെന്നും പിണറായി വിജയൻ വിമർശിച്ചു.
ഡിബിടി സംവിധാനം നടപ്പാക്കാത്തതിനാൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന വാദമാണ് പെൻഷൻ വിതരണത്തിലെ മാറ്റത്തിന് യുഡിഎഫ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ കേന്ദ്ര വിഹിതം വളരെ കുറവാണെന്നും, പെൻഷൻ തുകയുടെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും പിണറായി വിജയൻ അവകാശപ്പെട്ടു. കേന്ദ്ര നിർദേശങ്ങളുടെ പേരിൽ നിലവിലുള്ള ജനകീയ വിതരണ സംവിധാനം അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ തുടങ്ങിയവർക്ക് വീട്ടുപടിക്കൽ പെൻഷൻ എത്തിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നും പുതിയ ഉത്തരവ് പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
