തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ സുധീർ (46), രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്.
ഇവർ ഏഴുവയസുകാരിയായ കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കുട്ടി രണ്ട് ദിവസമായി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണമാണ് വിവരം പുറത്തുകൊണ്ടുവന്നത്.
വീട്ടിലെത്തിയ അധ്യാപകരാണ് കുട്ടിയെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രതിനിധികൾ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും നുള്ളിയതിന്റെയും പാടുകൾ വ്യക്തമായി ഉണ്ടായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
