കുമരകം: അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷിനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നാട്ടകം സുരേഷ് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയ്ക്കൊപ്പം സന്ദർശിച്ച ശേഷമാണ് എംഎൽഎ നിർദേശം നൽകിയത്.
കുമരകം ചീപ്പുങ്കലിൽനിന്ന് ശിക്കാര വള്ളത്തിൽ ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾക്കുമൊപ്പമായിരുന്നു സംഘം പാടശേഖരങ്ങൾ സന്ദർശിച്ചത്. പുഴകളിൽനിന്നുള്ള ഒഴുക്ക് തടസപ്പെടുന്ന തരത്തിൽ വേമ്പനാട്ടുകായലിലെ വിവിധ ഭാഗങ്ങളിൽ എക്കൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
കുമരകം, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കാൻ ജലനിരപ്പിന് മുകളിലേക്ക് അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എക്കൽ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.
അയ്മനം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ നാലുതോട്, പുത്തൻകരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോൻകരി, വി.കെ.വി. പാടശേഖരങ്ങളിലാണ് വ്യാപക കൃഷിനാശമുണ്ടായത്. പുത്തൻകരിയിൽ മടവീണ് മോട്ടോറും മോട്ടോർപുരയും ഉൾപ്പെടെ ഒഴുകിപ്പോയി. അയ്മനത്ത് 622 ഹെക്ടർ സ്ഥലത്ത് വിത്തുകഴിഞ്ഞ് ഒരു മാസമായ കൃഷിയാണ് വെള്ളത്തിനടിയിലായത്. മേനോൻകരി പാടം വിതയ്ക്കുന്നതിനായി ഒരുക്കിയ നിലയിലായിരുന്നു. ഇവിടെ കിളിർപ്പിച്ച വിത്തും ഉപയോഗശൂന്യമായി.
കൃഷിനാശത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വി.കെ.വി. പാടശേഖര സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി എ.എം. ബിനു എന്നിവരുടെ നേതൃത്വത്തിൽ കർഷകർ എംഎൽഎയ്ക്ക് നിവേദനം നൽകി.
ആർപ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പായിവട്ടം കുറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളക്കരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശേരി തൊള്ളായിരം, ചാലാക്കരി പാടശേഖരങ്ങളിലും കൃഷിനാശമുണ്ടായി. ചൂരത്തറയിൽ വിതച്ചിട്ട് 30 ദിവസമായതും കേളക്കരിയിൽ രണ്ടാഴ്ച മാത്രം പ്രായമുള്ളതുമായ കൃഷിയാണ് നശിച്ചത്. കാട്ടുകരി ചുഴലിക്കുഴിയിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യണമെന്നും വാർഡ് അംഗം പി.സി. മനോജ് ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം സിനു ജെയിംസ്, അയ്മനം പഞ്ചായത്ത് അംഗങ്ങളായ ബിനുമോൾ, സോഫിയ മോൾ, ഷിബി വാഴയിൽ, ആർപ്പൂക്കര പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശ്രീകാന്ത്, മായ ജി. നായർ, റോസിലി ടോമിച്ചൻ, ദീപാ ജോസ്, സോബിൻ തെക്കേടം, ജയ്മോൻ രാജൻ, ബിജി അജിത്കുമാർ, സിനു രാധാകൃഷ്ണൻ, അജിത ബിജു, ആന്റണി അറയിൽ എന്നിവരും കൃഷി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത്, ബ്ലോക്ക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
