ഹോങ്കോങ്ങിലെ പോക്ക് ഫു ലാം മേഖലയിലുള്ള ലക്ഷ്വറി പാർപ്പിട സമുച്ചയമായ ബാഗിയോ വില്ലയിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 22കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നാടിനെ വിറപ്പിച്ച ഈ ദാരുണ സംഭവം നടന്നത്. ഈ സമുച്ചയത്തിലെ തന്നെ താമസക്കാരനാണ് അറസ്റ്റിലായ യുവാവ്.
നഗ്നപാദനായി, ഷർട്ടിടാതെ വെറും ട്രാക്ക്പാന്റ്സ് മാത്രം ധരിച്ചാണ് യുവാവ് ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങിയത്. വഴിപോക്കന് നേരെ കത്തിയുമായി പാഞ്ഞടുത്ത ഇയാളെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചതോടെ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും ഇയാളും തമ്മിൽ കയ്യാങ്കളിയുണ്ടായി.
ബഹളം തുടരുന്നതിനിടെ, സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ഒരു വിദേശ ഗാർഹിക തൊഴിലാളിക്ക് നേരെ യുവാവ് തിരിയുകയും അവരുടെ മുതുകിൽ കത്തികൊണ്ട് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് സാഹസികമായി ഇയാളെ പിടിച്ചുവെച്ച് പോലീസിന് കൈമാറിയത്.
പരിക്കേറ്റ ഗാർഹിക തൊഴിലാളിയെയും പോരാട്ടത്തിനിടെ പരിക്കേറ്റ സുരക്ഷാ ജീവനക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം പോലീസ് യുവാവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ, വലതുചെവിക്ക് പരിക്കേറ്റ നിലയിൽ ഒരു വളർത്തുപൂച്ചയെ കണ്ടെത്തുകയും അതിനെ തുടർചികിത്സയ്ക്കായി മൃഗസംരക്ഷണ സംഘടനയ്ക്ക് കൈമാറുകയും ചെയ്തു.
പ്രതിക്ക് മാനസികാസ്വസ്ഥതയുള്ളതായി സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
