സാങ്കേതികവിദ്യയുടെ പോരായ്മകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും തുറന്നുകാട്ടുന്ന സരസമായ വീഡിയോ പങ്കുവെച്ച് നാഗാലാൻഡ് വിനോദസഞ്ചാര-ഉന്നതവിദ്യാഭ്യാസ മന്ത്രി തെമ്ജെൻ ഇമ്ന അലോങ്. മൊബൈൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം വഴി കെവൈസി പൂർത്തിയാക്കാൻ പാടുപെടുന്ന ഒരു വടക്കുകിഴക്കൻ യുവാവിന്റെ വീഡിയോ ആണ് മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്.
“സ്ട്രഗ്ൾ ഈസ് റിയൽ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ, കണ്ണ് തുറന്ന് പിടിച്ച് ഫോട്ടോ വ്യക്തമാക്കാൻ യുവാവിനെ ഗ്രാമവാസികൾ സഹായിക്കാൻ ശ്രമിക്കുന്നത് കാണാം. അപൂർവ്വ ജനിതക പ്രത്യേകതയായ ‘എപികാന്തിക് ഫ്രണ്ട്/ഫോൾഡ്’ (കണ്ണുകളുടെ മുകളിലത്തെ കണ്പോളകൾ ഉള്ളിലേക്ക് ഇറങ്ങിയിരിക്കുന്ന അവസ്ഥ) ഉള്ളവർക്ക് ഐറിസ് അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ വഴി ക്യാമറകളിൽ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇവിടുത്തെ പ്രശ്നം.
വീഡിയോ വൈറലായതോടെ സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകളുടെയും ശാരീരിക സവിശേഷതകൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. ഫേഷ്യൽ അല്ലെങ്കിൽ ഐറിസ് സ്കാനിംഗിന് പകരം വിരലടയാളം പോലുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ചിരി പടർത്തുന്നതിനൊപ്പം തന്നെ വലിയൊരു ഗൗരവമുള്ള വിഷയം സമൂഹത്തിലേക്ക് എത്തിച്ച മന്ത്രിയുടെ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
