കൊച്ചി: പോലീസുദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളി മുഴക്കുകയും ചെയ്ത കേസിൽ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗംലം, ഊന്നുകൽ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ ലക്ഷ്യമിട്ട് നടത്തിയ ഭീഷണികളിലാണ് ഈ നടപടി.
കോതമംഗലം ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാറിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ അർജുൻ ആയങ്കി, തുടർന്ന് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിനെയും ഇൻസ്റ്റഗ്രാം വഴി പരസ്യമായി വെല്ലുവിളിക്കുകയുണ്ടായി.
ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലുകളും തെളിവെടുപ്പുകളും നടത്തുന്നതിനായാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിയെക്കൂടാതെ ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി ഏഴോടെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
കുട്ടമ്പുഴ ഇൻസ്പെക്ടർ എ. ഷൈൻ കുമാറിനാണ് ഈ കേസിലെ അന്വേഷണച്ചുമതലയുള്ളത്. ഇതിനുമുമ്പ് പുന്നേക്കാട് റിസോർട്ടിൽ വെച്ച് ക്രിമിനൽ ഗൂഢാലോചനക്കേസിൽ പിടിയിലായ അർജുൻ ആയങ്കിക്ക് കോതമംഗലം മജിസ്ട്രേറ്റ് കോടതി മുൻപ് അനുവദിച്ചിരുന്ന ജാമ്യം പിന്നീട് റദ്ദാക്കിയിരുന്നു. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതിലൂടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി വ്യക്തമായതിനെ തുടർന്നാണ് കോടതി ഈ കടുത്ത നടപടി സ്വീകരിച്ചത്.
