കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇഡി ഇന്ന് വ്യാപക പരിശോധന നടത്തുന്നത്. കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വലിയ പരിശോധനയാണിത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. ഡിടിപിസി കോഓർഡിനേറ്ററായിരുന്നു നന്ദുലാൽ.മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെ ചാർജ് സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ നടപടിയെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലുൾപ്പെടെ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.തുടർന്ന് വീണയെ രണ്ട് തവണ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു. സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വീണ്ടും പരിശോധന നടത്തുന്നതെന്നാണ് വിവരം.
സിഎംആർഎല്ലിൽ നിന്ന് യാതൊരു സേവനവും നൽകാതെ 2.78 കോടി രൂപ അനധികൃതമായി എക്സാലോജിക് കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
