കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിയായ പി.എം. സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം രണ്ടരവര്‍ഷംകൊണ്ട് കേരളത്തിലെ ഗുണഭോക്താക്കള്‍ക്ക് സബ്സിഡി ഇനത്തില്‍ ലഭിച്ചത് 2,086.85 കോടി രൂപ. പദ്ധതി ആരംഭിച്ച 2024 ഫെബ്രുവരി 13 മുതല്‍ 2026 ജൂലൈ വരെയായി കേരളത്തില്‍ 2.67 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കായാണ് ഇത്രയും തുക ലഭിച്ചത്. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ (സോളാര്‍ പ്രോജക്ട്സ്) കാര്യാലയത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലയ്ക്കു ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്താകെ 4,15,357 അപേക്ഷകളാണു പദ്ധതിക്കായി ഇതുവരെ ലഭിച്ചത്. ഇതില്‍ 2,84,090 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഗ്രിഡുമായി വിജയകരമായി ബന്ധിപ്പിച്ചു. ഇന്സ്റ്റാലേഷന് പൂര്‍ത്തിയായവരില്‍ 2,67,410 പേര്‍ക്ക് ഇതിനകം കേന്ദ്ര സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ചു.
അപേക്ഷകരുടെ എണ്ണത്തിലും സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും എറണാകുളം ജില്ലയാണ് ഒന്നാമത്. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്തെ ആകെ സോളാര്‍ ഉത്പാദന ശേഷി 2,233.79 മെഗാവാട്ടാണ് (22,33,798.769 കിലോവാട്ട്). ഇതില്‍ സിംഹഭാഗവും (1,804.86 മെഗാവാട്ട്) ഗാര്‍ഹിക മേഖലയില്‍നിന്നാണ്. കൊമേഴ്സ്യല്‍ മേഖലയില്‍ 289.89 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നുണ്ട്.
അതേസമയം, കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായിക് രാജ്യസഭയില്‍ കഴിഞ്ഞദിവസം രേഖാമൂലം നല്കിയ മറുപടിയില്‍, 2026 ഓഗസ്റ്റ് അഞ്ചുവരെയുള്ള കാലയളവില്‍ കേന്ദ്ര സബ്സിഡിയായി 2,098.35 കോടി രൂപ കേരളത്തിന് അനുവദിച്ചുവെന്നു വ്യക്തമാക്കിയിട്ടുണ്ട്.
4,26,486 അപേക്ഷകളില്‍ 3,15,129 സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്നും 3,22,052 വീടുകളില്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കോടി വീടുകളില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 25 വര്‍ഷത്തെ കാലയളവില്‍ 1,000 ബില്യണ്‍ യൂണിറ്റ് ഹരിത വൈദ്യുതി ഉത്പാദിപ്പിക്കാനും 720 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
കേരളം നാലാം സ്ഥാനത്ത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം നാലാം സ്ഥാനത്താണുള്ളത്.ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് തൊട്ടുപിന്നിലാണു കേരളത്തിന്റെ സ്ഥാനം. പദ്ധതി നിലവില്‍ വന്നതോടെ രാജ്യത്തെ 18.93 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സീറോ ഇലക്ട്രിസിറ്റി ബില്‍ (പൂജ്യം വൈദ്യുതി ബില്‍) ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു കിലോവാട്ടിന് 30,000, രണ്ടു കിലോവാട്ടിന് 60,000, പരമാവധി മൂന്നു കിലോവാട്ട് വരെ 78,000 രൂപ എന്ന തോതിലാണ് കേന്ദ്ര സബ്സിഡി. സോളാര്‍ ഉപഭോക്താക്കള്‍ കെഎസ്ഇബി ഗ്രിഡിലേക്ക് അധികമായി നല്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 3.26 രൂപ നിരക്കിലാണ് നല്‍കുന്നത്. ഈയിനത്തില്‍ 2020 മുതല്‍ 2025 വരെയായി 1.15 കോടിയിലധികം രൂപ ഉപഭോക്താക്കള്‍ക്ക് കൈമാറിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
ബിനു ജോര്‍ജ്
