ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ അധ്യാപിക ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് ആറുവയസുകാരനായ എൽകെജി വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണം വൺ ടൗൺ പ്രദേശത്തെ ‘ലിറ്റിൽ ഗാർഡൻ’ സ്കൂളിൽ പ്രണയ് തേജ് എന്ന കുട്ടിയാണ് മരിച്ചത്. അധ്യാപിക ഭയപ്പെടുത്തിയതിനെത്തുടർന്ന് കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ക്ലാസ് മുറിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കുട്ടി അധ്യാപികയുടെ അടുത്ത് നിന്ന് കരയുന്നതും “വേണ്ട, വേണ്ട” എന്ന് പറയുന്നത് കാണാം. ഇതിനിടെ അധ്യാപിക കുട്ടിയുടെ വസ്ത്രത്തിലും ടൈയിലും പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് കുട്ടി അധ്യാപികയുടെ ശരീരത്തിലേക്ക് ചരിയുകയും നിലത്തു വീഴുകയുമായിരുന്നു.
കുട്ടി കുഴഞ്ഞുവീണയുടൻ സ്കൂൾ അധികൃതരും അധ്യാപികയും ചേർന്ന് കിംഗ് ജോർജ്ജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിനും ആശുപത്രിക്ക് മുന്നിലും വൻ പ്രതിഷേധവുമായി രംഗത്തെത്തി.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അദ്ധ്യാപികയെയും സ്കൂൾ മാനേജ്മെന്റിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
