കടലിൽ ബോട്ട് മുങ്ങി കാണാതായ രണ്ട് മീൻപിടുത്തക്കാരെ അഞ്ച് ദിവസത്തിന് ശേഷം കൂളർ ബോക്സിനുള്ളിൽ നിന്ന് ജീവനോടെ കണ്ടെത്തി. മെക്സിക്കോയിലെ ചിയാപാസ് തീരത്താണ് സംഭവം. ഡാനിയൽ ഗ്വെറേറോ മാർട്ടിനെസ് (53), ജോസ് ലൂയിസ് പോർട്ടെലാസ് വില്ലെഗാസ് (32) എന്നിവരാണ് കടലിൽ അതിജീവനത്തിന്റെ അത്ഭുത കഥ രചിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പാരെഡൺ എന്ന തീരദേശ ഗ്രാമത്തിൽ നിന്നാണ് ഇരുവരും ‘കമറോനെറ’ എന്ന ബോട്ടിൽ മീൻപിടുത്തത്തിനായി കടലിൽ പോയത്. തുടർന്ന് ബോട്ട് അപകടത്തിൽപ്പെട്ട് മുങ്ങുകയും ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. മെക്സിക്കൻ നാവികസേനയും വിമാനങ്ങളും ബോട്ടുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ, തീരത്ത് നിന്ന് 150 മൈൽ അകലെ പസഫിക് സമുദ്രത്തിൽ ഒഴുകിനടന്ന കൂളർ ബോക്സിനുള്ളിൽ നിന്നാണ് ഇവരെ കണ്ടെത്തുന്നത്.
(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ച് ദിവസത്തോളമാണ് ഇരുവരും പസഫിക് സമുദ്രത്തിലെ വലിയ കൂളർ ബോക്സിനുള്ളിൽ അഭയം പ്രാപിച്ച് കഴിഞ്ഞത്. കടുത്ത നിർജ്ജലീകരണം അനുഭവിച്ച ഇരുവരെയും ഉടൻ തന്നെ കരയ്ക്കെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സമുദ്രമധ്യത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
