തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലോക്ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമപാത റെഡ് സോണായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിൽ ഡ്രോണുകൾ പറത്തുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡ്രോൺ റൂൾസ് 2021 ലെ ചട്ടം 24 അനുസരിച്ചാണ് വ്യോമമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇന്നും നാളെയുമായി തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് ഈ നിരോധനം ബാധകമായിരിക്കുക. ഈ പ്രത്യേക മേഖലകളിൽ അനുമതിയില്ലാതെ ഡ്രോണുകളോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കുന്നത് കർശനമായി തടഞ്ഞിട്ടുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി എത്തിയത്. വൈകുന്നേരം അഞ്ചിന് വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപമുള്ള വയലാർ പ്രതിമയ്ക്ക് മുന്നിൽ വെച്ച് അദ്ദേഹം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കടന്നുപോകുന്ന ഘോഷയാത്ര കിഴക്കേക്കോട്ടയിലാണ് സമാപിക്കുന്നത്. ചലച്ചിത്ര താരം ആസിഫ് അലിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഗവർണർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ തുടങ്ങിയ പ്രമുഖ വ്യക്തികൾ പാളയത്തിലെ പ്രത്യേക പവലിയനിൽ നിന്ന് ഘോഷയാത്ര വീക്ഷിക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ഗതാഗത നിയന്ത്രണങ്ങളും ശക്തമായ പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
