ഹരിയാനയിലെ ഗുരുഗ്രാം ഗാഢൗളി കലാൻ ഗ്രാമത്തിലെ വീട്ടിൽ ടോയ്ലറ്റ് സീറ്റിനടിയിൽ ഒളിച്ചിരുന്ന ആറടി നീളമുള്ള ഭീകരനായ മൂർഖൻ പാമ്പിനെ വന്യജീവി സംരക്ഷകർ പുറത്തെടുത്തു. ടോയ്ലറ്റിനുള്ളിൽ നിന്ന് നിരന്തരം ചീറ്റൽ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പാമ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.
തുടർന്ന് വന്യജീവി സംരക്ഷകനായ അനിൽ ഗന്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ടോയ്ലറ്റ് ക്ലോസറ്റ് തകർത്താണ് കടുത്ത വിഷമുള്ള പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
നഗരവൽക്കരണവും നിർമാണ പ്രവർത്തനങ്ങളും കാരണം കാടുകളും വയലുകളും നശിക്കുന്നതാണ് പാമ്പുകൾ ഇരതേടി വീടുകളിലേക്ക് എത്താൻ കാരണമെന്ന് വന്യജീവി സംരക്ഷകർ വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തിൽ മാത്രം ഗുരുഗ്രാമിൽ നിന്ന് 70ഓളം പാമ്പുകളെയും, കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200ലധികം പാമ്പുകളെയുമാണ് രക്ഷാസേന പിടികൂടിയത്.
