വീട്ടമ്മയായ ഭാര്യ ചെയ്യുന്ന പ്രതിഫലമില്ലാത്ത ജോലികൾക്ക് കൃത്യമായി പ്രതിമാസ വേതനം നൽകുന്ന ഭർത്താവിന്റെ വേറിട്ട രീതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട ഈ പോസ്റ്റാണ് വീട്ടുജോലികളുടെ മൂല്യത്തെക്കുറിച്ചും പങ്കാളിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള പുതിയ ചിന്തകൾക്ക് വഴിവെച്ചത്.
ഒരു സർക്കാർ ഉദ്യോഗസ്ഥനായ തന്റെ സഹോദരൻ, വീടുപരിപാലിക്കുന്ന ഭാര്യക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നൽകുന്നുണ്ടെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് വെളിപ്പെടുത്തിയത്. പാചകം, ശുചീകരണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഭാര്യയാണ് നോക്കിനടത്തുന്നത്. എന്നാൽ വീട്ടുസാധനങ്ങൾ വാങ്ങുന്നതിനും അനുബന്ധ ചെലവുകൾക്കുമുള്ള പണം ഭർത്താവ് വേറെതന്നെ നൽകും. കൈയിൽ നൽകുന്ന തുക ഭാര്യക്ക് സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാനോ, സമ്പാദിക്കാനോ, മാതാപിതാക്കൾക്ക് അയച്ചുകൊടുക്കാനോ ഉള്ള പൂർണ സ്വാതന്ത്ര്യമുണ്ട്.
“വീട്ടുജോലികൾക്കും പാചകത്തിനുമായി പുറത്തുനിന്ന് ആളുകളെ നിർത്തിയാൽ വിപണിയിലെ ഉയർന്ന നിരക്കിൽ ശമ്പളം നൽകേണ്ടി വരും. അപ്പോൾ അതേ ജോലികൾ പങ്കാളി ചെയ്യുമ്പോൾ മാത്രം അതിന് മൂല്യമില്ലാതാകുന്നത് എന്തുകൊണ്ടാണ്?”
ഇത് യജമാനൻ-വേലക്കാരി ബന്ധമല്ലെന്നും, കുടുംബത്തിലെ തുല്യ പങ്കാളിയെന്ന നിലയിൽ ഭാര്യയുടെ അധ്വാനത്തെ അംഗീകരിക്കാനും അവൾക്ക് സ്വന്തമായി സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനുമാണ് ഈ തുക നൽകുന്നതെന്നും സഹോദരൻ വ്യക്തമാക്കുന്നു.
വീട്ടുജോലികൾക്ക് അർഹമായ പരിഗണന നൽകാത്ത സമൂഹത്തിൽ ഇതൊരു നല്ല തുടക്കമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ഭർത്താവിനോട് ചെറിയ കാര്യങ്ങൾക്ക് പോലും പണം ചോദിക്കേണ്ടി വരുന്നത് ഒഴിവാക്കാനും, സ്ത്രീക്ക് സ്വന്തമായി സാമ്പത്തിക സുരക്ഷിതത്വം നൽകാനും ഇത് സഹായിക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.

