അമേരിക്കയിൽ കുറ്റകൃത്യങ്ങളും മോഷണങ്ങളും ഉണ്ടാകാറില്ലെന്ന ധാരണ തെറ്റിയതിന്റെ ഞെട്ടലിൽ യുഎസിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി. പാർക്ക് ചെയ്തിരുന്ന സഹോദരന്റെ കാറിന്റെ നാല് ചക്രങ്ങളും രാത്രിക്ക് രാവ് മോഷണം പോയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാവിലെ എഴുന്നേറ്റപ്പോൾ കാറിന്റെ നാല് ചക്രങ്ങളും അഴിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടതെന്ന് യുവതി വീഡിയോയിലൂടെ പറഞ്ഞു. ചക്രങ്ങൾ കവർന്ന ശേഷം മോഷ്ടാക്കൾ വണ്ടിയുടെ മുകളിൽ ഒരു കത്തും ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്!
“ക്രിസ്റ്റൽ ഹൗസ് പ്രോപ്പർട്ടിയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ മൂന്ന് കാറുകൾ തകർക്കപ്പെട്ടു. ഈ വാരാന്ത്യത്തിൽ മൂന്ന് കാറുകളുടെ ചക്രങ്ങൾ മോഷ്ടിക്കപ്പെട്ടു. പാർക്കിംഗ് സ്ഥലങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് മാനേജ്മെന്റ് ഗൗരവമായി ചിന്തിക്കാത്തിടത്തോളം ഇത് തടയാനാവില്ല,” എന്നായിരുന്നു മോഷ്ടാക്കൾ വച്ച കുറിപ്പ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്. അമേരിക്കയിൽ പലയിടത്തും ഇത്തരത്തിലുള്ള ചക്ര മോഷണങ്ങൾ സാധാരണയാണെന്നും, വീൽ ലോക്കുകളും സെക്യൂരിറ്റി ക്യാമറകളും ഉപയോഗിക്കണമെന്നും നെറ്റിസൺസ് ഓർമ്മിപ്പിക്കുന്നു.
