ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനത്ത് തുടക്കമായി. ഉച്ചയോടെ ഔദ്യോഗികമായി ആരംഭിച്ച ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾ നടത്തുകയാണ്. രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ചി ജിൻപിംഗ് ഉച്ചയോടെ ഡൽഹിയിലെത്തി.ചി ജിൻപിംഗിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായി. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളുമായി മുന്നോട്ട് പോകണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന് ഏകദേശ ധാരണ. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഏവർക്കും സ്വീകാര്യമായ പരാമർശം ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കും. യുഎസും ഇസ്രയേലും അടക്കം രാജ്യങ്ങളെ പേരെടുത്ത് വിമർശിക്കില്ല. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന നിർദ്ദേശവും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും എന്ന് സൂചന.
സഹകരണത്തിനുള്ള പത്തു വഴികൾ നിർദ്ദേശിക്കുന്നതാകും പ്രഖ്യാപനം. ഇന്ത്യയ്ക്കും ഇറാനും ഇടയിലുള്ള തന്ത്രപ്രധാന ധാരണകൾ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ഏറെ സമാനതകൾ ഉണ്ടെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.
