ന്യൂഡൽഹി: കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരായ 18 അംഗങ്ങളെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുതിയ ബോർഡിലേക്ക് നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് ഈ നിയമനം.
1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട്, 2024-ലെ സിനിമാറ്റോഗ്രാഫ് നിയമങ്ങൾ എന്നിവ പ്രകാരമാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 2017-ന് ശേഷം ആദ്യമായാണ് സിബിഎഫ്സി പാനൽ പുനഃസംഘടിപ്പിക്കുന്നത്.
മലയാളി സംവിധായകൻ പ്രിയദർശൻ, ബോളിവുഡ് താരം പ്രീതി സിന്റ എന്നിവരുൾപ്പെടെയുള്ളവർ ബോർഡിലുണ്ട്. ഇവർക്ക് പുറമെ അഭിഷേക് ജെയ്ൻ, മനോജ് ജോഷി, വിനോദ് അനുപം, റിക്ക് കേജ്, ഹൻസ് രാജ് ഹൻസ്, സുപ്രിയ അർലഗദ്ദ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നിലമാധബ് പാണ്ഡെ, പ്രസൻജിത് ചാറ്റർജി, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രി, രമേഷ് പതംഗേ എന്നിവരാണ് പുതിയ ബോർഡിലെ മറ്റ് അംഗങ്ങൾ.
