വി​ക​സ​നശി​ല്പി, നിയമസഭയിലെ സൗ​മ്യ​ഭാ​വ​ത്തി​ന്‍റെ പ്ര​തീ​കം; കു​ട്ട​നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ഹൃദയപൂർവ്വം നാടിന്‍റെ ആദരം

ച​മ്പ​ക്കു​ളം: ഡോ​ക്ട​ർ എ​ന്ന വ​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഡോ. ​കെ.​സി. ജോ​സ​ഫ് 24 വ​ർ​ഷ​മാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ കു​ട്ട​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും സൗ​മ്യ​ഭാ​വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്ന ഡോ​ക്ട​ർ കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ശി​ല്പി​യെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മു​ൻ എം​എ​ൽ​എ ഡോ. ​കെ.​സി. ജോ​സ​ഫി​ന് 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ങ്കൊ​മ്പ് ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ച​ട​ങ്ങി​ൽ വ​ച്ച് സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട​ൻ പൗ​രാ​വ​ലി ആ​ദ​ര​വ് ന​ല്കു​ന്നു. 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ങ്കൊ​മ്പ് ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് കു​ട്ട​നാ​ടി​നെ 24 വ​ർ​ഷം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച കു​ട്ട​നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ആ​ദ​ര​വ് ന​ല്കു​ന്ന​ത്.

റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ആ​ദ​ര​വ് ന​ല്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ, പി. ​പ്ര​സാ​ദ് എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ , മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ൾ, തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

1982 മു​ത​ൽ 2006 വ​രെ കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച ഡോ. ​കെ.​സി. ജോ​സ​ഫ് കു​ട്ട​നാ​ടി​നെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ നേ​താ​വാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ​സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് കൂ​ടി​യാ​യി​രു​ന്ന അ​ദ്ദേ​ഹം. നീ​ണ്ട 24 വ​ർ​ഷം കൊ​ണ്ട് കു​ട്ട​നാ​ട്ടി​ലെ വി​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും പു​തി​യ പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. ദീ​പി​ക​യ്ക്കു​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ..

കു​ട്ട​നാ​ടി​ന്‍റെ ഡോ​ക്ട​ർ മ​ന​സു​തു​റ​ക്കു​ന്നു…

കു​ട്ട​നാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​കാ​ൻ​വേ​ണ്ടി കു​ട്ട​നാ​ടി​നെ സ്നേ​ഹി​ച്ച ഒ​രു വ്യ​ക്തി​യ​ല്ല ഞാ​ൻ. കു​ട്ട​നാ​ടി​നെ സ്നേ​ഹി​ച്ച​തു​കൊ​ണ്ട് കു​ട്ട​നാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി ആ​യി വ​ന്ന ആ​ളാ​ണ് ഞാ​ൻ. കു​ട്ട​നാ​ട്ടി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന എ​നി​ക്ക് കു​ട്ട​നാ​ടി​നെ അ​റി​യാം. കു​ട്ട​നാ​ടി​ന്‍റെ ന​ന്മ തി​ന്മ​ക​ളെ, മേ​ന്മ​ക​ളെ​യും കു​റ​വു​ക​ളെ​യും​പ​റ്റി അ​ന്നും ഇ​ന്നും അ​റി​യാം. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും എ​ന്താ​ണ് ഈ ​നാ​ടി​ന് ആ​വ​ശ്യം എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഞാ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. കു​ട്ട​നാ​ടി​നെ അ​റി​യു​ന്ന​വ​രെ കേ​ട്ടു, അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു, ഏ​റ്റ​വും ന​ല്ല​ത് തെ​ര​ഞ്ഞെ​ടു​ത്ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ശ്ര​മി​ച്ചു. അ​തു​കൊ​ണ്ടാ​ണ് 24 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി എ​നി​ക്ക് ഈ ​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത്.

ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ആ​ദ്യ​കാ​ലം ഏ​റ്റ​വും
പ്രാ​ധാ​ന്യം ന​ല്കി​യ​ത് എ​ന്തി​നാ​യി​രു​ന്നു?

കു​ട്ട​നാ​ട് കു​റെ ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളു​ടെ നാ​ടാ​യി​രു​ന്നു. ഒ​രു ക​ര​യും മ​റ്റൊ​രു ക​ര​യും ത​മ്മി​ൽ ബ​ന്ധ​മി​ല്ലാ​ത്ത പ്ര​ദേ​ശം. ആ​കെ​യു​ള്ള​ത് ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് മാ​ത്രം. കു​ട്ട​നാ​ടി​നെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ഞാ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്കി​യ​ത്. അ​തി​ന് അ​വ​ശ്യം വേ​ണ്ടി​യി​രു​ന്ന​ത് വ​ഴി​ക​ളും റോ​ഡു​ക​ളു​മാ​യി​രു​ന്നു. കു​ട്ട​നാ​ട് പോ​ലെ ഒ​രു പ്ര​ദേ​ശം 1980ക​ളി​ൽ​നി​ന്ന് ഇ​ന്ന് കാ​ണു​ന്ന യാ​ത്രാ​സൗ​ക​ര്യ​മു​ള്ള ഒ​രു പ്ര​ദേ​ശ​മാ​യി മാ​റി​യ​തി​ന്‍റെ കാ​ര​ണം അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് കൊ​ടു​ത്ത പ്രാ​ധാ​ന്യ​മാ​യി​രു​ന്നു. അ​ടി​ത്ത​റ വി​ക​സി​പ്പി​ക്കാ​തെ പി​ന്നീ​ടു​ള്ള വി​ക​സ​നം സാ​ധ്യ​മാ​കി​ല്ലെ​ന്ന ബോ​ധ്യ​ത്തി​ൽ​നി​ന്നാ​യി​രു​ന്നു എ​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​തി​ന് ഈ ​നാ​ട്ടി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണം എ​നി​ക്ക് ല​ഭി​ച്ചു.

വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തി​യ​ത്
എ​പ്ര​കാ​ര​മാ​യി​രു​ന്നു?

ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തും നാ​ടി​ന് ഗു​ണ​ക​ര​മാ​കും എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തു​മാ​യ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ജ​ന​വി​കാ​ര​ത്തി​നും നാ​ടി​ന്‍റെ ആ​വ​ശ്യ​ത്തി​നും പ്രാ​ധാ​ന്യം ന​ല്കി. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ഒ​ന്നും നി​ർ​ബ​ന്ധി​ക്കാ​നോ, അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നോ ഞാ​ൻ ശ്ര​മി​ച്ചി​ല്ല. നാ​ടി​ന്‍റെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യാ​ൻ പ​രി​ശ്ര​മി​ച്ചു. അ​ത് കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് കാ​ര​ണ​മാ​യി. അ​തി​ന്‍റെ തു​ട​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളാ​ണ്.

കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​യ നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത് 1986ൽ ​അ​ങ്ങ് ജ​ന​പ്ര​തി​നി​ധി ആ​യി​രി​ക്കു​ന്ന കാ​ല​ത്താ​ണ്. ഇ​ന്ന​ത്തെ നെ​ല്ല് സം​ഭ​ര​ണ​ത്തെ​പ്പ​റ്റി ആ​ക്ഷേ​പം ഉ​യ​രു​ന്നു എ​ന്താ​ണ് പ്ര​തി​വി​ധി?

1986 ലാ​ണ് ആ​ദ്യ​മാ​യി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് വ​ഴി​യു​ള്ള നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. നാ​ല് പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് ഒ​രു കൃ​ത്യ​ത ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ര​ത്യേ​കി​ച്ചും ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി നെ​ൽ​ക​ർ​ഷ​ക​ർ നെ​ല്ല് സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു. യ​ഥാ​സ​മ​യം നെ​ല്ല് വി​ല ല​ഭ്യ​മാ​കാ​ത്ത​താ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. നെ​ല്ല് വി​ല യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കി​യാ​ൽ നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ മി​ക്ക പ്ര​ശ്‌​ന​ങ്ങ​ളും ഇ​ല്ലാ​താ​ക്കാം. അ​തി​നാ​യി 1250-1500 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യാ​ൽ തീ​ർ​ക്കാ​വു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ മാ​ത്ര​മേ നെ​ല്ല് സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ നി​ല​വി​ലു​ള്ളൂ. അ​ത് ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ർ​ഷ​ക​ൻ കൃ​ഷി ചെ​യ്യു​ന്ന​ത് വ​രു​മാ​ന​ത്തി​നും കൂ​ടി​യാ​ണ് എ​ന്ന് മ​ന​സി​ലാ​ക്കി​യാ​ൽ തീ​രു​ന്ന പ്ര​ശ്ന​ങ്ങ​ളേ ഇ​ന്ന് നി​ല​വി​ലു​ള്ളൂ.

കു​ട്ട​നാ​ട്ടി​ൽ ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്ഥാ​പി​ക്കു​ക എ​ന്ന​ത് അ​ന്നും ഇ​ന്നും വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഒ​രു കാ​ര്യ​മാ​യി​രു​ന്നു. അ​തു​പോ​ലെ മ​റ്റ് എ​ന്തെ​ങ്കി​ലും പ​ദ്ധ​തി ചി​ന്ത​യി​ൽ ഉ​ണ്ടാ​യി​രു​ന്നോ?

കു​ട്ട​നാ​ടി​ന്‍റെ ഭൗ​തി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്ന​ത് അ​ന്ന് ആ​ലോ​ചി​ക്കാ​ൻ പോ​ലു​മാ​കു​ന്ന ഒ​ന്നാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യ​ത് സാ​ധ്യ​മാ​ക്കി. കു​ട്ട​നാ​ടി​ന്‍റെ ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് വേ​ണ്ട മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ടു​ത​ൽ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ക​യോ, കൂ​ടു​ത​ൽ സൗ​ക​ര്യ​മു​ള്ളി​ട​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്ത് കു​ട്ട​നാ​ട്ടു​കാ​ർ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു​കൂ​ടി​യും പ്ര​യോ​ജ​ന​പ്പെ​ട​ത്ത​ക്ക രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു.
അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രു​ന്ന​തു​മാ​ണ്. ഇ​നി​യും ഈ ​ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ര​ക​രോ​ഗ​ങ്ങ​ളെ​പ്പ​റ്റി അ​ടി​യ​ന്ത​ര ശാ​സ്‌​ത്രീ​യ പ​ഠ​നം ന​ട​ത്ത​ണം.

വെ​ള്ളം, വെ​ള്ള​പ്പൊ​ക്കം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ടി​നെ വ​ല​യ്ക്കു​ന്ന വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. ഇ​തി​നെ സം​ബ​ന്ധി​ച്ച് കാ​ഴ്ച​പ്പാ​ടെ​ന്താ​ണ്?

വെ​ള്ള​വും, വെ​ള്ള​പ്പൊ​ക്ക​വു​മി​ല്ലാ​ത്ത ഒ​രു കു​ട്ട​നാ​ടി​നെ​പ്പ​റ്റി ചി​ന്തി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ യ​ഥാ​സ​മ​യം തോ​ടു​ക​ളും ആ​റു​ക​ളും കാ​യ​ലു​ക​ളും ആ​ഴം കൂ​ട്ടി സം​ഭ​ര​ണ​ശേ​ഷി പു​നഃ​സ്ഥാ​പി​ച്ചാ​ൽ തീ​ർ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും. അ​ന്യ​ജി​ല്ല​ക​ളി​ൽ​നി​ന്ന് പെ​ട്ടെ​ന്നൊ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം കു​ട്ട​നാ​ട്ടി​ൽ ത​ങ്ങി നി​ല്ക്കാ​തെ ഒ​ഴു​ക്കി​ക്ക​ള​യാ​ൻ വേ​ണ്ട യ​ന്ത്ര​വ​ത്കൃ​ത ന​ട​പ​ടി​ക​ൾ​കൂ​ടി​യു​ണ്ടാ​യാ​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ​നി​ന്ന് കു​ട്ട​നാ​ട് ക​ര​ക​യ​റും.

ഇ​ന്ന് കു​ട്ട​നാ​ട്ടി​ലും പു​റ​ത്തും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​ന്നാ​ണ് എ​സി റോ​ഡും എ ​സി ക​നാ​ലും. ഇ​ത് സം​ബ​ന്ധി​ച്ച് കാ​ഴ്ച​പ്പാ​ട് എ​ന്താ​ണ്?

എ​സി റോ​ഡി​ൽ അ​ടു​ത്ത​കാ​ല​ത്ത് ന​ട​ന്ന പു​ന​ർ​നി​ർ​മാ​ണം റോ​ഡി​ൽ പ​ർ​ക്കിം​ഗ് സൗ​ക​ര്യം ന​ഷ്‌​ട​പ്പെ​ടു​ത്തി. പ​ല സ്ഥ​ല​ത്തും റോ​ഡി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ല്ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് മ​ണി​മ​ല​യാ​റ്റി​ലും പ​മ്പ​യി​ലും ഒ​ഴു​കി എ​ത്തു​ന്ന വെ​ള്ളം റോ​ഡി​ന് തെ​ക്കു​ഭാ​ഗ​ത്ത് നി​ന്ന് വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കി പോ​കു​ന്ന​തി​ൽ വ​ലി​യ ത​ട​സം സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.
വേ​ണ്ട​ത്ര പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യ എ​സി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം എ​ന്ന ആ​ക്ഷേ​പ​ത്തെ ശ​രി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്ക്കു​ന്ന​ത്. എ​സി ക​നാ​ൽ നി​ല​വി​ലു​ള്ള​തി​ന്‍റെ ആ​ഴം കൂ​ട്ടി സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്.

കേ​ര​ള​കോ​ൺ​ഗ്ര​സ്കാ​ര​നാ​യ​ത് കു​ട്ട​നാ​ടി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ്വാ​ധീ​നി​ച്ച​താ​യി ക​രു​തു​ന്നു​ണ്ടോ?

സം​ല​ഭ്യ​ത, ജ​ന​കീ​യ​ത ഇ​വ ര​ണ്ടും കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ എ​ടു​ത്ത് പ​റ​യേ​ണ്ട സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ത് ര​ണ്ടും എ​ത്ര​മാ​ത്രം കൂ​ടു​ത​ലാ​ണോ അ​ത്ര​മാ​ത്രം മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും. എ​പ്പോ​ഴും ജ​ന​ങ്ങ​ളി​ൽ ഒ​രാ​ളാ​യി അ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ് ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. അ​ങ്ങ​നെ വ​രു​മ്പോ​ൾ ജ​ന​കീ​യ​ത താ​നെ ഉ​ണ്ടാ​യി​ക്കോ​ളും.
1949 ജൂ​ലൈ മാ​സം 16, അ​ന്ന് ക​ർ​ക്ക​ട​കം ഒ​ന്നാ​യി​രു​ന്നു. കാ​റും കോ​ളും നി​റ​ഞ്ഞ ക​ർ​ക്ക​ട​ക​ത്തി​ൽ ജ​നി​ച്ചു. കു​ട്ട​നാ​ട്ടി​ൽ അ​വ​രി​ൽ ഒ​രാ​ളാ​യി വ​ള​ർ​ന്ന​തി​നാ​ൽ അ​വ​രോ​ടൊ​പ്പം നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​യി കാ​റും കോ​ളു​മൊ​ന്നും വ​ക​വ​യ്ക്കാ​തെ ആ​ത്മാ​ർ​ത്ഥ​മാ​യി പ​ണി​യെ​ടു​ക്കാ​നു​ള്ള ദൈ​വാ​നു​ഗ്ര​ഹം ല​ഭി​ച്ചെ​ന്നാ​ണെ​ന്‍റെ വി​ശ്വാ​സം.

Related posts

Leave a Comment