ദുബായ്: ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെയും യാത്രക്കാരുടെയും ധീരതയെ പ്രശംസിച്ച് നെതന്യാഹുവും ട്രംപും.
വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്പിറ്റ് വാതിൽ തുറക്കുകയും, യാത്രക്കാരുടെയും പ്ലംബറായ മറ്റൊരു യാത്രക്കാരന്റെയും സഹായത്തോടെ അക്രമിയെ കീഴ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പിന്നീട് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി വിമാനം ഇറക്കി. സംഭവത്തെത്തുടർന്ന്, ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെക്കുന്നതായി ഫ്ലൈദുബായ് പ്രഖ്യാപിച്ചു. സമഗ്രമായ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്.
കോക്പിറ്റിൽ ചോരക്കളി; വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ നീക്കം പരാജയപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ
ദുബായ്: ആകാശത്തുവച്ച് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം ധീരമായി ചെറുത്ത് 180ലേറെ പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് കുത്തേറ്റിട്ടും സഹപൈലറ്റുമായി പൊരുതി വൻ ദുരന്തം ഒഴിവാക്കിയത്.
മറ്റൊരു “സെപ്റ്റംബർ 11′ മോഡൽ ആക്രമണശ്രമമാണ് ഒഴിവായതെന്ന് ഇസ്രേലി അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം ഇന്നലെ രാവിലെ 8.44നായിരുന്നു ലോകത്തെ ഞെട്ടിച്ച സംഭവം.
ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായുടെ എഫ്ഇസെഡ് 1073 ബോയിംഗ് 737 വിമാനത്തിലായിരുന്നു സംഭവം. വിമാനം ലക്ഷ്യസ്ഥാനത്തോടടുക്കവേ, ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കാനും വിമാനം താഴേക്കു പതിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. രക്തത്തിൽ കുളിച്ചനിലയിലും ക്യാപ്റ്റൻ അക്രമിയെ ചെറുത്തുതോൽപ്പിച്ചു.
വിമാനം പെട്ടെന്ന് താഴേക്കു പതിക്കാൻ തുടങ്ങിയതോടെ മുൻനിരയിലിരുന്ന ചില ഇസ്രേലി യാത്രക്കാരും കാബിൻ ക്രൂവും കോക്പിറ്റിലേക്കു കയറി സഹപൈലറ്റിനെ നേരിടുകയും പുറത്താക്കി കെട്ടിയിടുകയുമായിരുന്നു. തുടർന്ന്, യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ കോക്പിറ്റിൽ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഇവർ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചു. വെറും രണ്ടു മിനിറ്റിനുള്ളിൽ 17,000 അടിയോളം താഴേക്കു പതിച്ച വിമാനമാണ് വലിയൊരു ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
വിമാനത്തിൽനിന്ന് ആദ്യം റാഞ്ചൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇസ്രയേലും സൗദിയും യുദ്ധവിമാനങ്ങൾ അയച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.
അഭിമാനമായി ക്യാപ്റ്റൻ സ്മിത് മച്ചാർ
ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ബോയിംഗ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പരിചയസമ്പത്തും 9,750ലധികം മണിക്കൂറുകളുടെ ഫ്ലൈയിംഗ് പരിചയവുമുണ്ട്.
മുമ്പ് സ്പൈസ്ജെറ്റിൽ പത്തു വർഷത്തോളം സീനിയർ കമാൻഡറായും ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂണിലാണ് ഫ്ലൈ ദുബായിൽ ക്യാപ്റ്റനായി ചേർന്നത്. ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഇസ്രേലി ദന്തഡോക്ടറാണ് അടിയന്തര ചികിത്സ നൽകിയത്.
രണ്ടു മിനിറ്റിൽ 17,000 അടിയോളം താഴേക്ക് കൂപ്പുകുത്തി വിമാനം; നിലവിളിച്ചു യാത്രക്കാർ
ടെൽ അവീവ്: ദുബായിൽനിന്നു ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ വച്ച് പൈലറ്റും സഹ പൈലറ്റും തമ്മിൽ നടന്ന രക്തരൂഷിതമായ ഏറ്റുമുട്ടലിന്റെയും അതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ ഭയന്നോടുന്ന യാത്രക്കാരെയും നിലവിളിക്കുന്ന കുട്ടികളെയും കാണാം.
കോക്പിറ്റിനുള്ളിൽ ഒമാൻ സ്വദേശിയായ സഹ പൈലറ്റ് വിമാനം തകർക്കാൻ ശ്രമിക്കുകയും തടയാൻ നോക്കിയ മുഖ്യ പൈലറ്റിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതോടെ വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടു. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് വിമാനം 34,000 അടി ഉയരത്തിൽനിന്ന് 16,600 അടിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിമാനത്തിന്മേൽ അടിയന്തര നിയന്ത്രണം വേണമെന്നു കാണിച്ച് ജനറൽ എമർജൻസി കോഡായ 7700-ഉം തൊട്ടുപിന്നാലെ വിമാനം റാഞ്ചിയെന്നു സൂചന നൽകുന്ന 7500 എന്ന ഇന്റർനാഷണൽ കോഡും വിമാനത്തിൽനിന്ന് സന്ദേശമായി പുറത്തുവന്നു.
യുദ്ധവിമാനങ്ങൾ പറന്നുയർന്നു;രക്ഷകരായി യാത്രക്കാർ
വിമാനത്തിൽനിന്ന് റാഞ്ചൽ സന്ദേശം ലഭിച്ചയുടൻ ഇസ്രയേലും സൗദി അറേബ്യയും തങ്ങളുടെ യുദ്ധവിമാനങ്ങൾ അയച്ചു. അതിനിടെ, കോക്പിറ്റിൽനിന്നു ബഹളം കേട്ട് ഓടിയെത്തിയ യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്ന് പരിക്കേറ്റ പൈലറ്റിനെ രക്ഷിക്കുകയും അക്രമിയായ സഹ പൈലറ്റിനെ ബലമായി കീഴടക്കി കെട്ടിയിടുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലെ പൈലറ്റുമാരിലൊരാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ സൗദിയിൽ ലാൻഡ് ചെയ്തതിനുശേഷം ഇസ്രേലി യാത്രക്കാർ പ്രാർഥനാഗാനങ്ങൾ ആലപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം പൂർണമായ ഒരു ഭീകരാക്രമണ ശ്രമമായാണ് ഇസ്രേലി ഏജൻസികൾ കാണുന്നത്. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബന്ധുക്കൾക്കായി പ്രത്യേക വിവരശേഖരണ കേന്ദ്രം തുറന്നിട്ടുണ്ട്.
ഇസ്രയേൽ സർവീസുകൾ റദ്ദാക്കിയതായി ഫ്ലൈ ദുബായ് എയർലൈൻ അധികൃതർ
ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തെയും തുടർനടപടികളുടെയും പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കുന്നതായി ഫ്ലൈദുബായ് പ്രഖ്യാപിച്ചു. ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഈ നടപടി.
ദുബായിൽ നിന്ന് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഫ്.ഇസെഡ് 1073 ബോയിംഗ് 737 മാക്സ് വിമാനമാണ് കോക്ക്പിറ്റിലെ പൈലറ്റുമാർ തമ്മിലുള്ള കയ്യാങ്കളിയെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയത്.
