ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാനത്ത് നിന്നുള്ള ഒരു ഹൃദ്യമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മകൻ അഭിമുഖത്തിനായി ഹാജരാകുന്നതിനുമുൻപ്, അച്ഛൻ സ്വന്തം കൈകൊണ്ട് അവന്റെ കോട്ട് നേരെയാക്കിക്കൊടുക്കുന്നതും മുടി ചീകിമിനുക്കുന്നതും മധുരം നൽകി അനുഗ്രഹിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
പ്രയാഗ്രാജിലെ യുപിപിഎസ്സി ആസ്ഥാനത്തിന് മുന്നിലാണ് ഈ സ്നേഹനിമിഷം ക്യാമറയിൽ പതിഞ്ഞത്. പ്രധാനപ്പെട്ട ഒരു വേദിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് മകൻ മികച്ച രീതിയിലാണെന്ന് ഉറപ്പാക്കാൻ ആ അച്ഛൻ നടത്തുന്ന കരുതൽ കാഴ്ചക്കാരുടെ കണ്ണുനനയിക്കുന്നതാണ്.
കോട്ട് ശരിയാക്കിയ ശേഷം തന്റെ പോക്കറ്റിൽ നിന്ന് ചീപ്പ് എടുത്ത് മകന്റെ മുടി ഒതുക്കിക്കൊടുക്കുന്ന പിതാവിനെ വീഡിയോയിൽ കാണാം. തുടർന്ന് ഒരു ചെറിയ പൊതിയിൽ നിന്ന് മകന് മധുരം നൽകി വിജയത്തിനായി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഔദ്യോഗിക വേഷവിധാനത്തിലുള്ള മകൻ, അച്ഛന്റെ കാലിൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങിയ ശേഷമാണ് അഭിമുഖ ഹാളിലേക്ക് പ്രവേശിച്ചത്.
വർഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പും പങ്കിടുന്ന ഇന്ത്യയിലെ മത്സരപ്പരീക്ഷായാത്രകളിൽ, മക്കളുടെ വിജയത്തിനൊപ്പം എപ്പോഴും താങ്ങായി നിൽക്കുന്ന മാതാപിതാക്കളുടെ കരുതലിന്റെ നേർക്കാഴ്ചയാണ് ഈ വീഡിയോ എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. നിലവിൽ പ്രയാഗ്രാജിലെ യുപിപിഎസ്സി ആസ്ഥാനത്ത് യുപിപിഎസ്സി 2025 അഭിമുഖങ്ങൾ പുരോഗമിക്കുകയാണ്.
