രാത്രി ഡ്യൂട്ടിയിലുള്ള ബാങ്ക് സെക്യൂരിറ്റി ഗാർഡിന് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നു. ജീവിതത്തിലെ തെരക്കുകൾക്കും പ്രതിസന്ധികൾക്കുമിടയിലും പരസ്പരം കരുതലും സ്നേഹവും പകരുന്ന ഈ ദൃശ്യങ്ങൾ കാഴ്ചക്കാരുടെ മനസ് നിറയ്ക്കുകയാണ്.
ബാങ്കിന്റെ ഒരു ശാഖയ്ക്ക് മുന്നിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തന്റെ ജോലിസ്ഥലത്ത് ഭാര്യ കൊണ്ടുവന്ന വീട്ടിലെ ആഹാരം പങ്കിട്ടുനൽകിയത്. ജ്ഞാനദ് ഭട്ട് എന്ന എക്സ് ഉപയോക്താവാണ് ഈ മനോഹരമായ നിമിഷം ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അടഞ്ഞുകിടക്കുന്ന ബാങ്കിന്റെ ഷട്ടറിന് മുന്നിലുള്ള പ്ലാറ്റ്ഫോമിൽ വെച്ച ചെറിയ മേശയ്ക്ക് ചുറ്റും ഭർത്താവും ഭാര്യയും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് 20 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.
ജോലിത്തിരക്കുകൾക്കിടയിലും ലഭിക്കുന്ന ചെറിയ സമയം പോലും പരസ്പരം പങ്കിടുന്ന ഇവരുടെ ലാളിത്യം ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. “നിങ്ങളുടെ ഉയർച്ചകളിൽ ഒരുപക്ഷേ ഒപ്പമുണ്ടാകാം, എന്നാൽ താഴ്ചകളിൽ എപ്പോഴും ഒപ്പമുണ്ടാകും” എന്ന വരികളോടെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സമൂഹത്തിന്റെ കണ്ണിൽ പണത്തിനും പദവിക്കുമൊക്കെയാണ് മുൻഗണന ലഭിക്കുന്നതെങ്കിലും യഥാർഥ സന്തോഷവും സമ്പത്തും ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങളിലാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഉപയോക്താക്കൾ കുറിക്കുന്നു. എന്തായാലും വളരെ ലളിതവും എന്നാൽ വലിയൊരു സ്നേഹസന്ദേശം നൽകുന്നതുമായ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരുടെ മനസ് കീഴടക്കിക്കഴിഞ്ഞു.

