മാനന്തവാടി: പദ്മശ്രീ പുരസ്കാര ജേതാവും പാരമ്പര്യ നെല്വിത്തുകളുടെ സംരക്ഷകനുമായ കമ്മനയിലെ ചെറുവയല് രാമന് (74) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദയധമനിയിലെ സ്റ്റെന്റ് വാല്വുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടര്ന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റുകയായിരുന്നു. 2018ല് യുഎഇ സന്ദര്ശനത്തിനിടെ അജ്മാനില് ക്ലാസെടുക്കുന്നതിനിടെ രാമേട്ടന് ഹൃദയാഘാതം സംഭവിച്ചിരുന്നു. പിന്നീട് അദ്ദേഹം വിദേശയാത്രകള് ചുരുക്കിയിരുന്നു.
കേരളത്തിന്റെ ‘നെല്ലച്ഛൻ’ എന്നറിയപ്പെട്ടിരുന്ന രാമന്റെ വിയോഗം പരമ്പരാഗത കൃഷിരീതികളുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും മേഖലയിൽ വലിയ നഷ്ടമാണ്. 1952 ജൂണ് ആറിന് ജനിച്ച തലക്കര ചെറിയ രാമന് എന്ന ചെറുവയല് രാമന് കമ്മന നവോദയം എല്പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തന്റെ പത്താമത്തെ വയസിലാണ് കാര്ഷിക മേഖലയിലേക്ക് കടന്നുവരുന്നത്. 1969ല് കണ്ണൂര് ഡിഎംഒ ഓഫിസില് ലഭിച്ച സര്ക്കാര് ജോലി പോലും കൃഷിയോടുള്ള അഭിനിവേശം കാരണം അദ്ദേഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അറുപതോളം വരുന്ന തദ്ദേശീയ നെല്വിത്തിനങ്ങളെ വംശനാശത്തില്നിന്നു സംരക്ഷിച്ചു നിലനിര്ത്തിയതിലൂടെയാണ് കുറിച്യ സമുദായ ത്തില്പ്പെട്ട അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 2023ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചതോടെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ദേശീയതലത്തിലും അംഗീകാരം ലഭിച്ചു. കുറിച്യ സമുദായത്തിൽപ്പെട്ട ചെറുവയൽ രാമൻ തന്റെ കൃഷിയിടത്തിൽ 32 ഇനം പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്ത് സംരക്ഷിച്ചിരുന്നു.
2023ൽ പുറത്തിറങ്ങിയ ‘ചെറുവയല് രാമന്’ എന്ന ആത്മകഥയിലെ ഭാഗങ്ങള് 2024ല് പാഠപുസ്തകത്തില് ഉള്പ്പെടുത്തിയിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2021ല് ദീപിക ചെറുവയല് രാമനെ മികച്ച കര്ഷകനുള്ള പുരസ്കാരം നല്കി ആദരിച്ചിരുന്നു.
മൃതദേഹം ഇന്നു രാവിലെ ഒമ്പതു മുതല് 11 വരെ കമ്മന നവോദയം സ്കൂളില് പൊതുദര്ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടോടെ സംസ്കാര ചടങ്ങുകള് ആരംഭിക്കും. ചെറുവയല് കൊടുമയില് കുറിച്യ സമുദായ ശ്മശാനത്തില് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
മന്ത്രിമാര്, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖര് എന്നിവര് ചടങ്ങില് പങ്കെടുക്കും. ഭാര്യ: ഗീത. മക്കള്: രമണി, രമേശന്, രാജേഷ്, രജിത. മരുമക്കള്: തങ്കമണി, ഉണ്ണികൃഷ്ണന്, രജിത, പരേതനായ രാജന്.
രാമേട്ടനില്ലാതെ പൈതൃകസ്മാരകമായി ചെറുവയൽ തറവാട്
കൽപ്പറ്റ: വയനാട് മാനന്തവാടി കമ്മനയിലെ ചെറുവയൽ വീട്ടിൽ ഇനി പദ്മശ്രീ പുരസ്കാര ജേതാവായ രാമേട്ടന്റെ ശബ്ദം ഉയരില്ല. പാരമ്പര്യമായി കൈമാറിക്കിട്ടിയ വീട് രാമേട്ടന് കേവലമൊരു താമസസ്ഥലമായിരുന്നില്ല. മറിച്ച് ജീവനുള്ള പൈതൃകസ്മാരകമാണ്.
വംശനാശം സംഭവിക്കുമായിരുന്ന അറുപതോളം നെൽവിത്തുകളുടെ സംരക്ഷണകേന്ദ്രം കൂടിയായിരുന്നു ഈ വീട്. നൂറ്റമ്പതിലധികം വർഷത്തെ പഴക്കമുണ്ട് കുറിച്യസമുദായക്കാരനായ രാമേട്ടന്റെ ഈ തറവാട്ടു വീടിന്. മണ്ണുകൊണ്ടു നിർമിച്ച കട്ടിയുള്ള ചുവരുകളും മുള ഉപയോഗിച്ച് നിർമിച്ച് വൈക്കോൽ മേഞ്ഞ മേൽക്കൂരയുമാണ് ഈ വീടിന്റെ പ്രത്യേകത.
ആധുനിക കോണ്ക്രീറ്റ് നിർമിതികൾ നാടെങ്ങും ഉയർന്നപ്പോഴും ഈ വീടിന്റെ തനിമ ഒട്ടും ചോരാതെ രാമൻ കാത്തുസൂക്ഷിച്ചു. വേനലിൽ കുളിർമയും തണുപ്പുകാലത്ത് ഊഷ്മളതയും നൽകുന്ന പരിസ്ഥിതി സൗഹൃദ നിർമാണരീതിയാണിതിന്.
തലമുറകളായി കൈമാറിവന്ന നാടൻ അറിവുകളുടെയും കുറിച്ച്യ ജീവിതരീതികളുടെയും ഈറ്റില്ലവുമാണ് ഈ വീട്. അപൂർവയിനം നാടൻ വിത്തുകൾ വൈക്കോൽ സംഭരണിയിലും മണ്പാത്രങ്ങളിലുമായി രാമേട്ടൻ സംരക്ഷിച്ചുപോന്നിരുന്നത് ഈ തറവാട്ടിലാണ്. വർഷാവർഷം മേൽക്കൂരയിലെ പഴയ വൈക്കോൽ മാറ്റി പുതിയവ മേഞ്ഞും മണ്ചുവരുകൾ കൃത്യമായി പരിപാലിച്ചും രാമേട്ടനും കുടുംബവും ഈ വീട് സൂക്ഷിച്ചുപോന്നു.
പ്രകൃതിയോട് ഇണങ്ങി എങ്ങനെ ജീവിക്കാം എന്നതിന് ഉത്തമ ഉദാഹരണമായി ചെറുവയൽ രാമേട്ടന്റെ വീട് അദ്ദേഹമില്ലാതെ സ്മാരകമായി തലയുയർത്തി നിൽക്കുന്നു.
ഇങ്ങനൊരാള് ഉണ്ടാകുമോ ഇനി?
കോഴിക്കോട്: പദ്മശ്രീ പുരസ്കാര ജേതാവും പൈതൃക നെല്വിത്തുകളുടെ സംരക്ഷകനുമായിരുന്ന വയനാട്ടിലെ ചെറുവയല് രാമേട്ടനെ പോലൊരാള് ഇനി ഉണ്ടാകുമോയെന്നു സംശയമാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ പരിസ്ഥിതി സംരക്ഷണത്തിനും പൈതൃക കൃഷി സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച പച്ചയായ ഒരു മനുഷ്യന്.
പദവികളും അലങ്കാരങ്ങളും തേടിയെത്തിയപ്പോഴും വന്നതും ശീലിച്ചതുമായ വഴികള് മറന്നില്ല. രാജ്യം പദ്മശ്രീ നല്കി ആദരിച്ചപ്പോഴും അദ്ദേഹത്തിനു മാറ്റം സംഭവിച്ചില്ല. നിഷ്കളങ്കമായ ചിരിയോടെ പുല്ലുമേഞ്ഞ മണ്വീട്ടില് തന്നെയായിരുന്നു താമസം. പുരസ്കാര ഫലകങ്ങള് കൊണ്ടു വീട് നിറഞ്ഞുകവിഞ്ഞു. അവ സൂക്ഷിക്കാനിടമില്ലാതെ ചെറുവയല് രാമന് ബുദ്ധിമുട്ടിയപ്പോഴും അദ്ദേഹത്തിന്റെ പണപ്പെട്ടി ശുഷ്കമായിരുന്നു. അഞ്ചാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ പാരമ്പര്യ കര്ഷകന് ലോകമെമ്പാടും ആദരിക്കപ്പെട്ടപ്പോഴും പത്തായത്തിലെ നെല്വിത്തുകളുടെ സമൃദ്ധി മാത്രമായിരുന്നു അദ്ദേഹത്തിന് സന്തോഷം പകര്ന്നത്.
അവസാനനാളുകളില് രോഗബാധകള് അലട്ടിയപ്പോഴും കൃഷിയെ ജീവശ്വാസം പോലെ കൊണ്ടുനടന്നു. കൃഷിയുടെ അല്ലലില്ലാത്ത ലോകത്തേക്ക് രാമേട്ടന് മടങ്ങിയപ്പോള് ബാക്കിയാവുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. സ്വയംപര്യാപ്തമായ ഭക്ഷ്യസംസ്കാരത്തിന്റെ പാഠങ്ങള് പകര്ന്നുനല്കിയ ചെറുവയല് രാമേട്ടന്റെ രീതികള് പിന്തുടരാന് ഇതുപോലെ ഇനി ആരെങ്കിലുമുണ്ടാവുമോ?
അദ്ദേഹം നിധിപോലെ കാത്തുസൂക്ഷിച്ച ആ അപൂര്വ നെല്വിത്തിനങ്ങളെ വെള്ളവും വെളിച്ചവും നല്കി പരിപോഷിപ്പിക്കാന് ആരെങ്കിലും പാടത്തേക്കിറങ്ങുമോ?
വിളവെടുത്ത നെല്ല് ഒരാഴ്ചക്കാലം വെയിലും മഞ്ഞും കൊള്ളിക്കും. തുടര്ന്ന് മുളങ്കൂട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില് സംഭരിക്കും.
വൈക്കോല് കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്ത് കൂടയും നെല്സംഭരണത്തിന് ഉപയോഗിക്കും. രണ്ടു വര്ഷംവരെ മുളയ്ക്കല്ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില് വിത്തുകളെ ഇങ്ങനെ സൂക്ഷിക്കാനാവും.
ചെറുവയല് കുറിച്യതറവാടിന് മുമ്പ് ഇരുപത് ഏക്കറിലധികം വയലും പതിനെട്ട് ഏക്കറോളം കരഭൂമിയുമുണ്ടായിരുന്നു. അതില് മൂന്നേക്കര് വീതം കര, വയല് ഭൂമിയിലാണ് പിന്നീട് അദ്ദേഹം കൃഷി ചെയ്തിരുന്നത്. നെല്കൃഷിയോടു താത്പര്യമുള്ളവര്ക്ക് രാമേട്ടന് വിത്തുകള് നല്കിയിരുന്നു. കൃഷിയിറക്കി ഈ നെല്ലിന്റെ ഇനം തിരികെ നല്കണമെന്നു മാത്രമാണ് രാമന് ആവശ്യപ്പെട്ടിരുന്നത്.
പാഠമായി പുസ്തകങ്ങളില്
ചെറുവയല് രാമന്റെ ആത്മകഥയില്നിന്നും അടര്ത്തിയെടുത്ത ഭാഗങ്ങള് 2024ല് പാഠപുസ്തകത്തില് ഉള്പ്പെടുത്തിയിരുന്നു. വിത്തുശേഖരണത്തിന്റെ സൂഷ്മതകള്, വിത്തിന്റെ മൂപ്പുകള് എന്നിവയെക്കുറിച്ചെല്ലാമുള്ള രാമന്റെ കണ്ടെത്തലുകള് കുട്ടികള് മനഃപാഠമാക്കിയത് പാഠാവലിയിലൂടെയാണ്.
പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ആഴമറിഞ്ഞ കര്ഷകന്
കല്പ്പറ്റ: പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ആഴമറിഞ്ഞ പാരമ്പര്യ കര്ഷകനാണ് മുട്ടില് വിവേകാനന്ദ മെഡിക്കല് മിഷനിലെ ഡോ. ധനഞ്ജയ് സഗ്ദേവിനുശേഷം പദ്മശ്രീ വയനാട്ടിലെത്തിച്ച ചെറുവയല് രാമന്. ലാഭേച്ഛയില് മനുഷ്യന് മണ്ണിനോടു കാട്ടുന്ന ക്രൂരതകളില് വ്യഥിതമായിരുന്നു അദ്ദേഹത്തിന്റെ മനസ്. വയനാട്ടില് കാലാവസ്ഥയിലുണ്ടായ താളപ്പിഴകള്ക്ക് മുഖ്യകാരണം മനുഷ്യര് മണ്ണില് ചെയ്യുന്ന അരുതായ്മകളാണെന്ന് രാമന് പല വേദികളിലും തുറന്നടിച്ചിട്ടുണ്ട്. വര്ധിച്ച വിളവിന് കൃഷിയിടങ്ങളില് രാസവളങ്ങളും കീടനാശിനികളും വരുംതലമുറകളെ കരുതാതെ പ്രയോഗിക്കുന്നവരെ മനസില് കണ്ടായിരുന്നു കാലനുസൃതമല്ലെന്ന് പലര്ക്കും തോന്നാവുന്ന രാമന്റെ വിമര്ശനശരങ്ങള്.
ഋതുക്കള് ക്രമഭംഗം വരുത്താതെയും ഒത്തതാളത്തിലും വന്നുപോയിരുന്ന ഇടമായിരുന്നു ഏതാനും ദശാബ്ദങ്ങള് മുമ്പുവരെ വയനാട്. എന്നാല്, ഇപ്പോള് അതിവൃഷ്ടിയും അനാവൃഷ്ടിയും അത്യുഷ്ണവും കൊടും ശൈത്യവുമൊക്കെയാണ് ജില്ലയിലെ ഭൂപ്രദേശങ്ങളില് സംഭവിക്കുന്നത്. ഇതിന്റെ തിക്തഫലങ്ങള് മലയോര പ്രദേശങ്ങളിലെ ജനജീവിതത്തിന്റെ കാര്ഷികവൃത്തിയിലെയും ചിട്ടവട്ടങ്ങള് അപ്പാടെ പൊളിച്ചെഴുതുകയാണ്.
കാറ്റിന്റെയും മഴയുടെയും വരവിലും പോക്കിലും രാമനുള്ള അനുഭവജ്ഞാനം അദ്ദേഹവുമായി സംഭാഷണങ്ങളില് ഏര്പ്പെടുന്ന കാര്ഷികകുതുകികളെ വിസ്മയപ്പെടുത്തിയിരുന്നു. കുംഭമഴ, മീനമഴ, മേടമഴ, ഇടവപ്പാതി, കര്ക്കടകമഴ, ചിങ്ങമഴ, തുലാമഴ എന്നിങ്ങനെ ആറുതരത്തില് മഴകള് വര്ഷിച്ചിരുന്ന നാടാണ് വയനാട്. പതിവുതെറ്റാതെയുള്ള വര്ഷസമൃദ്ധി വിവിധതരം വിളകളുടെ ഉത്പാദനത്തില് പ്രതിഫലിച്ചിരുന്നു. മഴയെ ആശ്രയിച്ചായിരുന്നു കരയിലും നിലത്തും കൃഷി. ഓരോ മഴക്കാലത്തിനുമൊത്തതായിരുന്നു കൃഷിരീതികള്. കാലപ്രയാണത്തില് മഴയെ ആശ്രയിച്ച് കാര്ഷിക പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യാനാകില്ലെന്ന് സ്ഥിതി സംജാതമായി. മഴ എപ്പോഴെല്ലാം എങ്ങനെയെല്ലാം പെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ധര്ക്കുപോലും പ്രവചിക്കാനാകാത്ത അവസ്ഥ. ഇക്കാര്യത്തിലുള്ള ആകുലത പൊതുവേദികളില് രാമന് പലവട്ടം പങ്കുവച്ചിട്ടുണ്ട്.
കിഴക്കന് കാറ്റ്, തെക്കന് കാറ്റ്, വടക്കന് കാറ്റ്, പടിഞ്ഞാറന് കാറ്റ്, ചുഴലിക്കാറ്റ് എന്നിങ്ങനെ അഞ്ചുതരം കാറ്റുകള് ജില്ലയില് വീശിയിരുന്നതായി ഓര്ത്തുപറഞ്ഞിരുന്ന രാമന് അവയുടെ സവിശേഷതകള് തന്നെ കാണാനെത്തുന്ന വിദ്യാർഥികളോടും മറ്റും വിശദീകരിച്ചിരുന്നു.
കുന്നിടിക്കലും വയല് നികത്തലും ജില്ലയിലെ സ്വാഭാവികപ്രകൃതിയുടെ നശീകരണത്തിന് കാരണമായെന്ന പക്ഷക്കാരനാണ് രാമന്. എല്ലാവര്ഷവും മേയ് മുതല് സെപ്റ്റംബര്വരെ വലിയ അളവില് മണ്ണ് കുഴിച്ചും മാന്തിയുള്ള പ്രവൃത്തികള് നിയമംമൂലം നിരോധിക്കണമെന്ന അഭിപ്രായക്കാരനുമായിരുന്നു അദ്ദേഹം.
പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകന് എന്ന നിലയില് ഖ്യാതി നേടിയ രാമന്റെ കാര്ഷികജീവിതം ആഹ്ലാദഭരിതമായിരുന്നില്ല. കഷ്ടനഷ്ടങ്ങള് സഹിച്ചും സാമ്പത്തിക പരിമിതികളോടു പൊരുതിയുമാണ് അദ്ദേഹം പല നെല്ലിനങ്ങളും കുറ്റിയറ്റുപോകാതെ സംരക്ഷിച്ചത്. നഷ്ടം സഹിച്ചുള്ള കൃഷിയുടെ പേരില് സ്വന്തം കുടുംബത്തില്നിന്നുപോലും അദ്ദേഹത്തിന് കുറ്റപ്പെടുത്തല് കേള്ക്കേണ്ടിവന്നിട്ടുണ്ട്.
അര്ഹതയ്ക്കുള്ള അംഗീകാരമായി ഇടവിട്ട് തേടിയെത്തുന്ന പുരസ്കാരങ്ങളില് പലതിലും സാമ്പത്തിക നിറവ് ഉണ്ടായിരുന്നില്ല. വി.ഡി. സതീശന് സര്ക്കാര് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ പേരില് ഏര്പ്പെടുത്തിയ പ്രഥമ കാര്ഷിക പുരസ്കാരത്തിന് ചെറുവയല് രാമനെയാണ് തെരഞ്ഞെടുത്തത്. പ്രശസ്തി പത്രവും അഞ്ചു ലക്ഷം രൂപയുമടങ്ങുന്ന ഈ പുരസ്കാരത്തെ മറ്റ് അവാര്ഡുകളിൽനിന്ന് ഏറെ വ്യത്യസ്തമായാണ് രാമന് കണ്ടത്.
അദ്ദേഹത്തിന്റെ വിയോഗം കാര്ഷിക വയനാടിന്റെയാകെ നഷ്ടമാണ്.
കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ: മുഖ്യമന്ത്രി
വയനാടിന്റെ മണ്ണില് തലമുറകളുടെ ഓര്മകള്ക്ക് കാവല്നിന്ന കര്ഷകനായിരുന്നു ചെറുവയല് രാമനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അനുസ്മരിച്ചു. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല് വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരുംതലമുറയ്ക്കു കരുതിവച്ച ചെറുവയല് രാമന് യാഥാര്ഥത്തില് കാര്ഷിക പൈതൃകത്തിന്റെ കാവല്ക്കാരനായിരുന്നു.
കൃഷി വെറുമൊരു ഉപജീവനമാര്ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്വമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. പ്രഥമ ഉമ്മന്ചാണ്ടി സ്മാരക കാര്ഷിക പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാന് കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിത്തായി ബാക്കിവച്ച ജീവിതപ്പച്ച: മന്ത്രി പി.സി. വിഷ്ണുനാഥ്
കൽപ്പറ്റ: കേരളത്തിന്റെ കാർഷിക പൈതൃകത്തെയും പ്രകൃതിയുടെ ജൈവവൈവിധ്യത്തെയും സ്വന്തം ജീവിതംകൊണ്ട് കാത്തുസൂക്ഷിച്ച “പച്ച മനുഷ്യ’ നായിരുന്നു പത്മശ്രീ ചെറുവയൽ രാമനെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അന്യംനിന്നുപോകുമായിരുന്ന ചെന്നെല്ല്, തൊണ്ടി, ഗന്ധകശാല, ജീരകശാല തുടങ്ങി വിവിധ നെൽവിത്തിനങ്ങളെ അദ്ദേഹം കൃഷിയിലൂടെ നിലനിർത്തി. കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതികളുമായി ഏറെ ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്ന ജീവിതമായിരുന്നു ചെറുവയൽ രാമന്റേത്. കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ ഒരുക്കിയ ഗ്രാമീണ അനുഭവയാത്രകളിൽ അദ്ദേഹത്തിന്റെ കൃഷിയിടവും ജീവിതവും പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
കേരളത്തിന്റെ കാർഷിക സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കാലം മായ്ക്കാത്ത അടയാളങ്ങളായി നിലനിൽക്കുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
