തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കടുത്ത ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനായി സർക്കാർ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നു. ഇതിനായുള്ള ബിൽ പണിപ്പുരയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ വർധിച്ചുവരുന്ന ചികിത്സാച്ചെലവിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ. എൻ. ബാലഗോപാൽ സഭയിൽ ആവശ്യപ്പെട്ടതിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ക്യാൻസർ പ്രതിരോധത്തിനായി സർക്കാർ അതീവ ഗൗരവത്തോടെയുള്ള നടപടികളാണ് സ്വീകരിച്ചു പോരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ എംഎൽഎ ശോഭന ജോർജ് നടത്തിയ സൗന്ദര്യ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ‘ഔഷധി’ പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ സൗന്ദര്യവർദ്ധക ചികിത്സകളേക്കാൾ ആരോഗ്യ സംരക്ഷണത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്പാ സെന്ററുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കണമെന്നും, ഡോക്ടർമാരുടെയും അംഗീകൃത തെറാപ്പിസ്റ്റുകളുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും എം. വിൻസെന്റ് എംഎൽഎ ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളിൽ നിയമം കണ്ണുവെട്ടിച്ച് അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സഭയിൽ ഉറപ്പുനൽകി.
