പ്രവർത്തനക്ഷമമായ നാല് ലിഫ്റ്റുകൾ ഉണ്ടായിട്ടും കെട്ടിടത്തിന്റെ 21-ാം നിലയിലേക്ക് കനത്ത കോൺക്രീറ്റ് കട്ടകൾ തലയിൽ ചുമന്ന് കയറേണ്ടി വന്ന കൂലിപ്പണിക്കാരന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. തൊഴിലാളികളോടുള്ള ക്രൂരതയും ചൂഷണവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ‘ഡിംപ്സ്’ ആണ് ഈ ദൃശ്യങ്ങൾ ആദ്യം പുറത്തുവിട്ടത്. രണ്ട് കനത്ത കോൺക്രീറ്റ് കട്ടകൾ തലയിൽ ബാലൻസ് ചെയ്ത് ഒരു നിർമാണ തൊഴിലാളി പടവുകൾ കയറിപ്പോകുന്നതാണ് വീഡിയോയിലുള്ളത്.
കെട്ടിടത്തിൽ നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, സാധനങ്ങൾ മുകളിലേക്ക് കൊണ്ടുപോകാൻ തൊഴിലാളികളെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. റസിഡന്റുകൾക്ക് (താമസക്കാർക്ക്) മാത്രമാണ് ലിഫ്റ്റുകൾ മാറ്റിെവച്ചിരിക്കുന്നത്.
അമിത് സിംഗ് എന്ന എക്സ് ഉപയോക്താവ് ഈ വീഡിയോ പങ്കുവെച്ചതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. “അടിസ്ഥാന മനുഷ്യത്വമില്ലായ്മ” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
തൊഴിലാളികളുടെ അന്തസ്സിനെയും ആരോഗ്യത്തെയും മാനിക്കാത്ത ഇത്തരം നടപടികൾ അടിമത്തത്തിന് തുല്യമാണെന്ന് നിരവധി പേർ വിമർശിച്ചു. ആഡംബര കെട്ടിടങ്ങൾ നിർമിക്കുന്ന തൊഴിലാളികൾക്ക് അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതിലെ വിരോധാഭാസവും പലരും ചൂണ്ടിക്കാണിച്ചു.
