ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിലും ഐടി കമ്പനികളിലും കന്നഡിഗർക്ക് തൊഴിൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരുവിലെ പ്രധാന ഐടി പാർക്കുകളിലേക്ക് പ്രചാരണവുമായി എത്തി. കർണാടക രക്ഷന വേദികെയുടെ നേതൃത്വത്തിലാണ് നവംബർ ഒന്ന് കന്നഡ രാജ്യോത്സവ ദിനം മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാനതല പ്രചാരണത്തിന് തുടക്കമിട്ടത്.
കമ്പനികളിലേക്ക് നേരിട്ട് സന്ദർശനം നടത്തരുതെന്നും വിഷയം നിയമപരമായി പരിഹരിക്കാമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചിരുന്നെങ്കിലും, ഇത് അവഗണിച്ച് കെആർവി പ്രവർത്തകർ വിവിധ കമ്പനികളുടെ മാനേജ്മെന്റിന് നിവേദനങ്ങൾ സമർപ്പിച്ചു.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും ഉപയോഗപ്പെടുത്തുന്ന കമ്പനികൾ തദ്ദേശീയർക്ക് അർഹമായ തൊഴിലവസരങ്ങൾ നൽകണം. കഴിഞ്ഞ മൂന്ന് വർഷത്തെ നിയമന വിവരങ്ങൾ, കർണാടകയിൽ നിന്നുള്ള ജീവനക്കാരുടെ എണ്ണം, തദ്ദേശീയരായ ഉദ്യോഗാർഥികൾക്കായി നടപ്പിലാക്കിയ നൈപുണ്യ വികസന പദ്ധതികൾ എന്നിവയുടെ വിവരങ്ങൾ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
സി.വി. രാമൻ നഗറിലെ ബാഗ്മനെ ടെക് പാർക്ക്, കെ.ആർ. പുരത്തെ ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസ്, അലി അസ്കർ റോഡിലെ എക്സിക്യൂട്ടീവ് സെന്റർ ഇന്ത്യ ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ കെആർവി പ്രതിനിധികൾ നിവേദനം നൽകി. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നിയമപരമായ വഴികളിലൂടെയും പരിഹരിക്കുമെന്നും, കമ്പനികൾക്ക് നേരെ നേരിട്ട് പ്രതിഷേധത്തിന് മുതിരരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.
തൊഴിൽ നിയമനങ്ങളിൽ നടക്കുന്ന വിവേചനം അവസാനിപ്പിക്കാനും പ്രാദേശിക ഉദ്യോഗാർഥികൾക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കാനുമാണ് ഈ പ്രചാരണമെന്ന് സംഘടന വ്യക്തമാക്കി. പ്രചാരണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സർക്കാരിനും കമ്പനികൾക്കും മുന്നിൽ ഉന്നയിക്കാനാണ് കെആർവിയുടെ തീരുമാനം.
