വി.ആര്. ഹരിപ്രസാദ്
അക്കങ്ങള്‍, അക്ഷരങ്ങള്‍, സൈ്വപ്പുകള്‍, പാറ്റേണുകള്‍… സ്മാര്‍ട്ട്ഫോണ്‍ തുറക്കാന്‍ പലവഴികളാണ്. ഓരോരുത്തര്‍ക്കും ഓരോ സൗകര്യങ്ങളും ഇഷ്ടങ്ങളുമാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ സൈ്വപ്പ് ഒഴികെ എല്ലാം അത്യാവശ്യം ഉറപ്പുതരുന്നുണ്ട്. സൈ്വപ്പിനെ ഒട്ടും വിശ്വസിക്കാന്‍ പറ്റുകയുമില്ല.
പാസ്വേഡുകള് ടൈപ്പ് ചെയ്യാനും പാറ്റേണ്‍ വരയ്ക്കാനും ഇഷ്ടമില്ലാത്തവര്‍ ഒരുപാടുണ്ട്. അവര്‍ക്കുവേണ്ടിയാണ് കുറേ ഗവേഷകര്‍ കാലങ്ങളായി പരിശ്രമിക്കുന്നത്. അവര്‍ നടത്തുന്ന പഠനത്തിന് ഫ്രീ-ഫോം ജെസ്റ്റര്‍ ഓഥന്റിക്കേഷന് എന്നാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കുത്തിവര. ഒന്നോ അതിലേറെയോ വിരലുകള്‍ ഉപയോഗിച്ച് സ്ക്രീനില്‍ വരച്ചുണ്ടാക്കുന്ന രൂപമോ സ്വയമുണ്ടാക്കുന്ന പാറ്റേണോ (സ്മാര്‍ട്ട്ഫോണുകളില്‍ ഇപ്പോള്‍ കാണുന്ന കുത്തുകള്‍ കൂട്ടിയോജിപ്പിക്കുന്ന തരമല്ല) നിങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം എന്നാണ് ഗവേഷകര്‍ ഉറപ്പിക്കുന്നത്. യൂസര്‍നെയിമിനൊപ്പം ഈ കുത്തിവരകൂടി ചേര്‍ത്താല്‍ ഫോണിലേക്ക് പ്രവേശിക്കാം. സാധാരണ പാറ്റേണ്‍ വരയ്ക്കുന്നതിനേക്കാള് വേഗത, ടെക്സ്റ്റ് പാസ്വേഡുകളേക്കാള്‍ ഓര്‍മവയ്ക്കാന്‍ എളുപ്പം എന്നിവയാണ് ഈ കുത്തിവര നല്കുന്ന വാഗ്ദാനങ്ങള്‍. സുരക്ഷയുടെ കര്യവും ഒട്ടും മോശമല്ല. അമേരിക്കയില്‍നിന്നുള്ളവരാണ് ഗവേഷകര്‍.
നൂറോളം പേരടങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ പരീക്ഷണം നടത്തിയാണ് കുത്തിവരകളെ പാസ് വേഡിനു പകരം ആശ്രയിക്കാം എന്ന് ഗവേഷകര്‍ തീരുമാനിച്ചത്. ചതുരങ്ങള്‍, നക്ഷത്രങ്ങള്‍, ഹൃദയങ്ങള്‍ തുടങ്ങിയവയാണ് ഉപയോക്താക്കള്‍ കൂടുതലും വരച്ചത്. മറ്റേതുവിധത്തിലുമുള്ള അടയാളവാക്യങ്ങള്‍ ഉപയോഗിക്കുന്നതുപോലെയുള്ള തെറ്റുകളേ അവര്‍ വരുത്തിയുള്ളൂ.
ടെക്സ്റ്റ് പാസ്വേഡുകളേക്കാള്‍ സുരക്ഷിതം
ഇ-മെയില്‍, ബാങ്കിംഗ് തുടങ്ങി എന്തിനും പാസ്വേഡായി നാം ഉപയോഗിക്കുന്ന അക്ഷര- അടയാളക്കൂട്ടങ്ങള് അത്രയ്ക്കൊന്നും സുരക്ഷിതമല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം മറ്റൊന്നുമല്ല, ലക്ഷക്കണക്കിനു പാസ്വേഡ് കോംപിനേഷനുകള്‍ തയാറാക്കി ഹാക്കിംഗിനു സഹായിക്കുന്ന പ്രോഗ്രാമുകള്‍ ഇഷ്ടംപോലെയുണ്ട്. കുത്തിവര അടയാളരൂപങ്ങള് സൃഷ്ടിക്കാനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എന്തായാലും ഇതുവരെ ഇല്ല. മാത്രമല്ല, വരയ്ക്കുന്ന വേഗത, ഉപയോഗിക്കുന്ന സമ്മര്‍ദ്ദം തുടങ്ങിയവയൊന്നും ഒരു പ്രോഗ്രാമിനും എളുപ്പത്തില്‍ അനുകരിക്കാനാവുകയുമില്ല.
ഗവേഷണങ്ങള്‍ മുന്നേറുന്നമുറയ്ക്ക് കുത്തിവരകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ കത്തിപ്പടരുമെന്നു കരുതാം.