കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചന പുറത്തുവന്നതോടെ പ്രചാരണം ശക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് കാപ്പൻ പ്രചാരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് പാല. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ജോസ് കെ.മാണിയും കൂട്ടരും എൽഡിഎഫിൽ എത്തിയതോടെ കാപ്പൻ മറുകണ്ടം ചാടുകയായിരുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
