തൊടുപുഴ: ഹോം നഴ്സിംഗ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തു.
തൊടുപുഴ കുടയത്തൂർ കൂവപ്പള്ളി കുന്നത്തുപറന്പിൽ അനിൽപ്രഭ(36) യെ ആണ് തൊടുപുഴ എസ്ഐ ജി. അജയകുമാറും സംഘവും ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽനിന്നു പിടികൂടിയത്. ഇയാൾ ഗോദാവരി ജില്ലയിലെ ബോറന്പാലം എന്ന സ്ഥലത്ത് യുപി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഡിജിപിക്ക് പീഡനപരാതി നൽകിയത്. തുടർന്ന് കേസ് തൊടുപുഴ പോലീസിനു കൈമാറുകയായിരുന്നു.
പ്രതിയും സുഹൃത്തും ചേർന്ന് തൊടുപുഴ മണക്കാട് ജംഗ്ഷനിൽ വീട്ടുജോലിക്കാരെയും ഹോംനഴ്സുമാരെയും മറ്റും നൽകുന്ന ജോബ് കണ്സൾട്ടൻസി നടത്തിയിരുന്നു.
സമൂഹ മാധ്യമങ്ങൾ വഴിയാണ് സ്ഥാപനത്തിന്റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്.
തുടർന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പുനൽകിയ പ്രതി യുവതിയെ നഗരത്തിലെ ലോഡ്ജിൽ താമസിപ്പിച്ചശേഷം അവിടെ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.
ജോലി ശരിയാക്കി നൽകിയശേഷം വിവാഹവാഗ്ദാനം നൽകി യുവതിയെ നഗരത്തിലെ ഒരു ലോഡ്ജിലും പിന്നീട് നഗരത്തിനു സമീപത്തെ വാടകവീട്ടിലും 2022 മേയ് 28 മുതൽ 2023 ഫെബ്രുവരി 15 വരെ താമസിപ്പിച്ചു പീഡനത്തിനു വിധേയമാക്കി.
താൻ വിവാഹമോചിതനായതിനാൽ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നാണ് യുവതിയെ വിശ്വസിപ്പിച്ചത്. പിന്നീട് ഇയാൾ യുവതിയെ കബളിപ്പിച്ച് ജോലിക്കായി തെലുങ്കാനയിലെ സെക്കന്തരാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്.
പ്രതിയെ പിടികൂടാനായി ഈ മാസം രണ്ടിന് പോലീസ് സംഘം സെക്കന്തരാബാദിലെത്തി. ലോക്കൽ പോലീസിന്റെയും മലയാളി സമാജത്തിന്റെയും സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ പ്രതി ബോറന്പാലം എന്ന സ്ഥലത്തേക്ക് കടന്നു.
ഇവിടെയെത്തി സ്കൂളിൽ അധ്യാപകജോലി തരപ്പെടുത്തി സ്കൂൾ അധികൃതർ ഏടുത്തുനൽകിയ വീട്ടിൽ താമസവും തുടങ്ങി. ഇവിടെയെത്തിയ പോലീസ് സംഘം ലോക്കൽ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലാകുന്പോൾ ഒരു സ്ത്രീയും കുട്ടിയും ഒപ്പമുണ്ടായിരുന്നു.
നേരത്തേ പ്രതി തന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുന്പോൾ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നു. അന്ന് ഭാര്യ നൽകിയ പരാതിയിൽ തൊടുപുഴ പോലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാൾ ഹാജരായിരുന്നില്ല.
ബുധനാഴ്ച കസ്റ്റഡിലെടുത്ത ഇയാളെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയിൽ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
എസ്ഐ. പി.കെ.സലീം, സിപിഒമാരായ ഇ.എ.നിസാർ, പി.ജി. മനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.