ആലപ്പുഴ: എ.ഡി. തോമസ് എംഎൽഎയ്ക്ക് വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം. തെരഞ്ഞെടുപ്പിൽ മൽസരിച്ച വേളയിൽ സ്ഥാനാർഥിയുടെ വിജയത്തിനായി മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേർന്നതാണ് തുലാഭാരം.
കാൽ നൂറ്റാണ്ട് കാലം സിപിഎം ഭരിക്കുകയും, അതിൽ 10 കൊല്ലം ധനമന്ത്രി തന്നെ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടും മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിനായി ഒന്നും ചെയ്യാൻ ഇടത് പക്ഷത്തിന് കഴിഞ്ഞില്ലെന്നും അതാണ് തൻ്റെ വലിയ വിജയം സൂചിപ്പിക്കുന്നതെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
മണ്ണഞ്ചേരി പഞ്ചായത്തിൽ മാത്രം 5000 വീടുകൾക്ക് വെള്ളം ഇല്ലെന്നും ഈ സ്ഥിതിക്ക് ഉടൻ പരിഹാരം കാണുമെന്നും തോമസ് പറഞ്ഞു.കോൺഗ്രസ് കലവൂർ മണ്ഡലം പ്രസിഡൻ്റ് ജി. ചന്ദ്രബാബു, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സിനിമോൾ സുരേഷ്, ബ്ലോക്ക് സെക്രട്ടറി ആർ. ജയപാലൻ, വാർഡ് പ്രസിഡൻ്റ് കെ.സതീഷ് കുമാർ, മധുശ്രീധർ, രജനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
