ബംഗളൂരു: ആധുനിക ഡിജിറ്റൽ യുഗത്തിൽ, ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ ആഗോള കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നതിനിടെ ഐടി ഭീമന്മാരെ പരിഹസിച്ച് “ഐ ഗോട്ട് ഫയേർഡ് ‘ ബട്ടൺ നിർമിച്ച് ബംഗളൂരു ടെക് ജീവനക്കാരൻ. ഒറ്റ ക്ലിക്കിൽ ഡിജിറ്റൽ സിസ്റ്റമാകെ തകിടം മറിയുന്ന രീതിയിലാണ് ബട്ടണിന്റെ നിർമാണം. കോർപറേറ്റ് ലോകത്തെ കളിയാക്കുന്ന ഈ ഓൺലൈൻ സംവിധാനം തമാശക്ക് ചിത്രീകരിച്ചിരിക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യങ്ങളുമായി കൂട്ടിച്ചേർത്തായിരുന്നു യുവാവിന്റെ പോസ്റ്റിന് താഴെ വന്ന പലരുടെയും പ്രതികരണങ്ങൾ.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ജീവനക്കാരൻ പങ്കജ് എന്ന യുവാവാണ് ബട്ടൺ സംബന്ധിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്. ആഗോള ടെക് കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ തുടരുന്ന സമയമായതിനാൽ പങ്കജിന്റെ പോസ്റ്റ് വളരെ വേഗത്തിൽ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ദൈനംദിന സാഹചര്യങ്ങളെ കൂട്ടിയിണക്കി ടെക് കമ്പനികളെ പരിഹസിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘എഐ പിരിച്ചുവിടലുകൾ കൈവിട്ടുപോകുന്നു. അതിനാൽ ഞാൻ ‘ഐ ഗോട്ട് ഫയേർഡ്’ ബട്ടൺ നിർമിച്ചു’ എന്ന അടികുറിപോടെയാണ് യുവാവ് പോസ്റ്റ് പങ്കുവച്ചരിക്കുന്നത്. ലാപ്ടോപിന് സമീപമാണ് ഒരു ഹാർഡ് വെയർ ബട്ടൺ സ്ഥാപിച്ചിരിക്കുന്നത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടാലുടൻ ഈ ബട്ടൺ അമർത്തിയാൽ നിരവധി പ്രവൃത്തികൾ ഒരേസമയം നടക്കും. ഒറ്റ ക്ലിക്കിലൂടെ കമ്പനിയുടെ കോഡ് ബേസ് മുഴുവൻ പരസ്യമാകും. വളരെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഫയലുകൾ പരസ്യമാകും. കമ്പനിയുടെ സ്റ്റേജിങ് ഡേറ്റാ ബേസുകൾ ഇല്ലാതാകും. തനിക്ക് ഇത് ഒരിക്കലും ആവശ്യം വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി പങ്കജ് പോസ്റ്റിൽ പറയുന്നു.
ആക്ഷേപഹാസ്യ പോസ്റ്റ് ആണെങ്കിലും ഐടി മേഖലയിലെ പിരിച്ചുവിടലുകൾ എത്രത്തോളം ആശങ്കകളും ഉത്കണ്ഠയും ഉയർത്തിയിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ തമാശയാണെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്ന എന്തോ ഒന്നുണ്ടെന്ന് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പറയുന്നു. മറ്റു ചിലർ ടെക്കിയുടെ സർഗാത്മകതയെയും നർമത്തെയും പ്രശംസിച്ചു.അതേസമയം, യഥാർഥ ജീവിതത്തിൽ ഇത്തരം പ്രവൃത്തികൾക്ക് ശ്രമിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും പലരും പങ്കുവെച്ചു.
