കോടാലി (തൃശൂർ): ഉറക്കത്തിൽ പാമ്പുകടിയേറ്റു മരിച്ച എട്ടുവയസുകാരന് ആല്‍ജോയുടെ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കൊടുങ്ങ കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ നടക്കും.കടമ്പോട് കാവുങ്ങല്‍ വീട്ടില്‍ സില്‍ജോ -ജോണ്‍സി ദമ്പതികളുടെ ഇളയ മകന് ആല്ജോക്കും സഹോദരന് അനോഷിനും ഞായറാഴ്ച രാത്രിയിൽ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.
കുട്ടികള്‍ക്കു പാമ്പുകടിയേറ്റ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ അവശനിലയിലായ കുട്ടികളെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യബാധയാണെന്നാണ് ആദ്യം കരുതിയത്. ചാലക്കുടിയിലെ സ്വകാര്യ ആശുപ്രത്രിയിലെത്തും മുമ്പേ ആല്‍ജോ മരിച്ചു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അനോഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഭക്ഷ്യവിഷബാധയല്ല പാമ്പുകടിയേറ്റതാകാനാണു സാധ്യതയെന്ന് ഡോക്ടര്‍ നല്കിയ സൂചനയെത്തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വെള്ളിക്കെട്ടന് ഇനത്തിലുള്ള ചെറിയ വിഷപാമ്പിനെ കണ്ടെത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയ ആല്‍ജോയുടെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ഇന്നുച്ചയോടെയാണു വീട്ടിലെത്തിച്ചത്.
ഞായറാഴ്ച വൈകുന്നേരം വരെ ഓടിക്കളിച്ച വീട്ടുമുറ്റത്ത് ആല്‍ജോയുടെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. നൂറുകണക്കിനാളുകളാണ് ഈ കുരുന്നിന് അന്തിമോപചാരമര്‍പ്പിക്കാനായി കാവുങ്ങല്‍ വീട്ടിലേക്കെത്തിയത്.ചികിത്സയില്‍ കഴിയുന്ന അനോഷ് അപകടനില തരണം ചെയ്യണേയെന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുകയാണു നാട് ഒന്നടങ്കം.
