നെടുമങ്ങാട് : അച്ഛനെ കണ്ടിട്ടില്ല ആ കുഞ്ഞു മകൻ. ഒടുവിൽ ആ മകന് അച്ഛനരികിൽ അന്ത്യവിശ്രമം. രണ്ടാനച്ഛന് അഷ്കറിന്റെ മർദനത്തിൽ കൊല്ലപ്പെട്ട ഒന്നരവയസുകാരൻ പനവൂർ കരിക്കുഴിയില്‍ അര്ഷദിനാണ് പിതാവ് അഖിലിനെ സംസ്കരിച്ചിരിക്കുന്നതിനു തൊട്ടടുത്തു അന്ത്യവിശ്രമം ഒരുക്കിയത്.
നന്ദിയോട് സ്വദേശിയായ അഖിലിന്റെയും ആട്ടുകാൽ സ്വദേശിനി അഖിലയുടേയും മകനാണ് മരിച്ച അര്‍ഷദ്. അഖില മൂന്നുമാസം ഗർഭിണി ആയിരിക്കുമ്പോള്‍ അഖിൽ ജീവനൊടുക്കുകയായിരുന്നു.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അഖിലിന്റെ മരണത്തിന് ശേഷം അഖില സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. കുഞ്ഞിന് ഒരു വയസ് കഴിഞ്ഞപ്പോഴാണ് അഷ്കറിനൊപ്പം അഖില ജീവിച്ചു തുടങ്ങിയത്.
ശനിയാഴ്ച നന്ദിയോടുള്ള അഖിലിന്റെ കുഴിമാടത്തിനോട് ചേർന്നാണ് കുഞ്ഞിനും കുഴിമാടം ഒരുക്കിയത്.അഷ്കറിനൊപ്പം ജീവിതം തുടങ്ങിയ അഖില കുഞ്ഞിനെ അമ്മ തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് അഖിലിന്റെ കുടുംബത്തിന് വിവരം ലഭിച്ചിരുന്നു. പിന്നീട് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഖിലിന്റെ മരണത്തിന് ശേഷം പ്രസവ സമയത്തോ നൂലുകെട്ട് സമയത്തോ അഖില കുടുംബത്തെ വിവരം അറിയിച്ചിരുന്നില്ല.
