വടക്കഞ്ചേരി: വിവിധ ചിത്രകലാവഴികളിലൂടെ വിസ്മയചിത്രങ്ങൾ ഒരുക്കി വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലെ ചിത്രകലാധ്യാപകനായ സജീവ് ചന്ദ്രൻ. അധികമാരും കടന്നുചെല്ലാത്ത രചനാ ലോകത്തേക്കുള്ള യാത്രകളാണ് കൂടുതലും.
ചിത്രക്കൂട്ടുകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ചിത്ര മോഹികളെ ത്രസിപ്പിക്കുന്ന വരവൈഭവങ്ങൾ. ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമായ ചിത്രങ്ങൾ.
അഴകാർന്ന ചിത്രമികവുകൾക്കെല്ലാം പിന്നിൽ ആഴമേറിയ നിരീക്ഷണവും നിരന്തരമായ പരിശീലനവുമുണ്ടെന്നു ഒറ്റനോട്ടത്തിൽതന്നെ കാണാനാകും. അത്രയും പെർഫെക്്ഷനിലാണ് ചിത്രസംയോജനം.സീനറികൾ, ഛായാചിത്രങ്ങൾ, പക്ഷികൾ, മൃഗങ്ങൾ തുടങ്ങി ഓരോ വർക്കുകളും ഒന്നിനൊന്നു മെച്ചം.
തനതു ഗോത്രവിഭാഗത്തിന്റെ പാട്ടുപാടി അയ്യപ്പനും കോശിയും സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ചിത്രം ഓയിൽ പെയിന്റിംഗിൽ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ ശ്രദ്ധേയമായത്.
അട്ടപ്പാടിയിൽ അവരുടെ വീട്ടിൽപോയി ചിത്രംകൈമാറിപ്പോൾ നഞ്ചിയമ്മക്കുണ്ടായ സന്തോഷവും സ്നേഹവും പറഞ്ഞറിയിക്കാനാകില്ലെന്നു സജീവ് പറയുന്നു. സ്കൂളിലെ കുട്ടികൾ, സെക്യുരിറ്റി ദേവൻ, ചുമടെടുക്കുന്നവർ തുടങ്ങി സജീവിന്റെ കൺമുന്നിൽപ്പെടുന്നവരൊക്കെ പലപ്പോഴായി ചിത്രങ്ങളായി മാറിയിട്ടുണ്ട്.
തത്സമയം ചിത്രംവരച്ച് പ്രദർശിപ്പിക്കുമ്പോൾ അവർക്കുണ്ടാകുന്ന അതിശയവും സന്തോഷവുമാണ് തന്റെ ചിത്രകലയിലെ സംതൃപ്തിയെന്നു സജീവ് പറയുന്നു. ചല്ലുപടി തത്തനാടത്തുള്ള സജീവിന്റെ വീട്ടിൽനിറയെ ചിത്രവിസ്മയങ്ങളാണ്. മനംമയക്കുന്ന ചിത്രങ്ങൾ ചുമരുകളിലും നിറഞ്ഞിട്ടുണ്ട്. എല്ലാം ജീവൻതുടിക്കുന്ന ചിത്രങ്ങൾ.
വീട്ടിലിരിക്കേണ്ടിവന്ന കോവിഡ് കാലത്താണ് ചിത്രകലയിൽ കൂടുതൽ പരീക്ഷണം നടത്തിയത്. വാട്ടർ പെയിന്റിംഗിലും പെൻസിൽ ഡ്രോയിംഗിലുമാണ് സജീവിന്റെ കലാവിരുത് ഉയർന്നുനിൽക്കുന്നത്. ഓയിൽ പെയിന്റിംഗിലും സജീവിന്റെ കലാവിസ്മയങ്ങളുണ്ട്.
സ്കൂളിൽനിന്നുള്ള പ്രോത്സാഹനങ്ങളും പിന്തുണയും ചിത്രകലയിൽ ഇതുവരെ അധികമാരും എത്തിപ്പിടിക്കാത്ത തലങ്ങളിലെത്താൻ സഹായകമാകുന്നുണ്ടെന്നു സജീവ് പറഞ്ഞു. ചിത്രകലയിൽ മദ്രാസ് ടെക്നിക്കൽ എഡ്യുക്കേഷൻ (എംജിടി) കേരള സർക്കാരിന്റെ ടെക്നിക്കൽ എഡ്യുക്കേഷൻ (കെജിടി) എന്നീ കോഴ്സുകൾ പുർത്തിയാക്കിയിട്ടുണ്ട്.
- ഫ്രാൻസിസ് തയ്യൂർ
