അരുണ്‍ ആനന്ദിന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത, വീടിന്റെ മുകളില്‍ നിന്ന് വീണുമരിച്ചത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്, അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ബെംഗളൂരുവില്‍ മരിച്ചതിലും അരുണിന് പങ്കെന്ന് സൂചന, ദുരൂഹതകള്‍ നിറഞ്ഞ അരുണിന്റെ ജീവിതത്തിലൂടെ

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ അരുണ്‍ ആനന്ദിന്റെ പിതാവ് മരിച്ച സംഭവത്തിലും അടിമുടി ദുരൂഹത. തിരുവനന്തപുരം പാളയത്തെ ഫെഡറല്‍ ബാങ്ക് മാനേജരായിരുന്ന അച്ഛന്‍ ഒരുദിവസം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. സ്വന്തം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു. അച്ഛന്റെ ജോലി കിട്ടിയ അരുണ്‍ പിന്നീട് അമ്മയെയും വീട്ടില്‍ നിന്ന് ചവിട്ടിപുറത്താക്കി.

പ്ലസ്ടുവിനു കൂടെപ്പഠിച്ച പെണ്‍കുട്ടിയുമായി അരുണ്‍ പ്രണയത്തിലായിയിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇതു ചോദ്യംചെയ്തത് സംഘട്ടനത്തില്‍ കലാശിച്ചു. പെണ്‍കുട്ടിയുമായി അടുപ്പം തുടര്‍ന്നെങ്കിലും അരുണ്‍ കര്‍ണാടകയിലേക്കു പോയതോടെ ബന്ധം മുറിഞ്ഞു. 20-ാം വയസില്‍ മദ്യപാനമാരംഭിച്ചു. കര്‍ണാടകയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു താമസം.

അവിടെവച്ച് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ വീട്ടുതടങ്കലിലുമാക്കി. പിന്നീട് ആ പെണ്‍കുട്ടി മരിച്ചതായി അറിഞ്ഞെന്നാണ് അരുണ്‍ പറയുന്നത്. തുടര്‍ന്ന് ബംഗളുരു വിട്ടു. ഒരുവര്‍ഷത്തിനുശേഷം മലപ്പുറം ഫെഡറല്‍ ബാങ്കില്‍ ജോലിക്കു കയറിയെങ്കിലും രാജിവച്ചു.

2007 ജനുവരിയില്‍ തിരുവനന്തപുരം അമ്പലത്തറ സ്വദേശിനിയെ പത്തനംതിട്ട ഓമല്ലൂര്‍ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ താലികെട്ടി. ഈ ഭാര്യ പിന്നീട് പിണങ്ങിപ്പോയി. ഈ സമയമെല്ലാം ബിജുവിന്റെ ഭാര്യയായ യുവതിയുമായി അരുണ്‍ സൗഹൃദം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Related posts