തിരുവനന്തപുരം: അരുവിക്കരയിൽ പൊലിസ് സംഘത്തെ ആക്രമിക്കുകയും ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതി പിടിയിൽ. വട്ടക്കുളം സ്വദേശി സഞ്ജുവാണ് അരുവിക്കര പൊലിസിന്റെ പിടിയിലായത്.
അരുവിക്കര മൈലം കോളനിയിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ പ്രതി തടഞ്ഞുനിർത്തുകയും ഗ്രേഡ് എസ്ഐയെ മർദിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിന്റെ ചില്ലുകളും ഇയാൾ തല്ലിത്തകർത്തു.
ഇതേത്തുടർന്ന് പൊലിസ് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പിടിയിലായ സഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
