ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫും എൽ ഡി എഫും പുതുമുഖങ്ങളെ സ്ഥാനാർഥികളായി അവതരിപ്പിക്കാൻ സാധ്യത. കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന ബി ജെ പി മുമ്പ് രണ്ടു തവണയും മത്സരിച്ച തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിനെയായിരിക്കും ഇത്തവണയും അങ്ക ത്തട്ടിലിറക്കുന്നത്.
കഴിഞ്ഞ മൂന്ന് തവണയായി ഇടതുമുന്നണിയുടെ എംഎൽഎയായിരുന്ന സിപിഐക്കാരനായ ജി.എസ്. ജയലാലിന് ഇത്തവണ അവസരം നിഷേധിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേർക്ക് ഇനി അവസരം നല്കേണ്ട എന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം പുറത്ത് വന്നിട്ടുണ്ട്. ഈ ആറ് പേരിൽ ജി.എസ്. ജയലാലും ഉൾപ്പെടുന്നു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി, സംസ്ഥാനസമിതി യോഗങ്ങൾ ഇക്കാര്യത്തിൽ അന്തിമ തീരുമാന മെടുക്കുമെന്നറിയുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കരീപ്ര ആർ. രാജേന്ദ്രൻ ചാത്തന്നൂരിൽ ജയലാലിന് പകരം സ്ഥാനാർഥിയാകുമെന്നായിരുന്നു സിപിഐ വൃത്തങ്ങളിൽ പറഞ്ഞു കേട്ടിരുന്നത്. എന്നാൽ അദ്ദേഹം അതിനോട് വേണ്ടത്ര പ്രതികരിച്ചിട്ടില്ല. ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ.ആർ. ദിലീപ് കുമാർ , യുവനേതാവ് സജി ലാൽ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. സജിലാൽ കരുനാഗപ്പള്ളി സ്വദേശിയാണ്.
അഡ്വ.ആർ. ദിലീപ് കുമാർ കൊല്ലം ജില്ലാ പഞ്ചായത്തംഗവും ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.നിയോജക മണ്ഡലത്തിന്റെ തലസ്ഥാനമായ ചാത്തന്നൂർ സ്വദേശിയുമാണ്. ജി.എസ്. ജയലാൽ ചാത്തന്നൂർ മണ്ഡലംസെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് സ്ഥാനാർഥിത്വം കിട്ടുന്നതും നിയമസഭാംഗമാകുന്നതും.
കഴിഞ്ഞ തെരഞ്ഞെടപ്പുകളിൽ ഇടതുമുന്നണിയുടെ ഗ്രാഫ് ചാത്തന്നൂരിൽ മുകളിലോട്ടാണ്. ഓരോ തിരഞ്ഞെടുപ്പിലും ഭുരിപക്ഷം വർധിച്ചുവരുന്ന കാഴ്ചയാണ്.തികച്ചും ഉറപ്പായ മണ്ഡലമെന്നാണ് ചാത്തന്നൂരിനെ ഇടതുമുന്നണി വിലയിരുത്തുന്നത്. പുതുമുഖ സ്ഥാനാർഥിയായാലും രാഷ്ട്രീയ ശക്തികൊണ്ട് വിജയിക്കും എന്നാണ് സിപിഐയും കരുതുന്നത്.
ഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തായിപ്പോയ യുഡിഎഫും കോൺഗ്രസും ഇത്തവണ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണമെന്ന വാശിയിലാണ്. ശൂരനാട് രാജശേഖരനും മുൻ എംപി എൻ. പീതാംബരക്കുറുപ്പുമൊക്കെ രംഗത്തിറങ്ങിയിട്ടും മൂന്നാം സ്ഥാനത്തിന് മുന്നിലെത്താനായിട്ടില്ല എന്ന ചരിത്രവുമുണ്ട് ചാത്തന്നൂരിന്.
പ്രാദേശികമായ പല പേരുകളും ആദ്യഘട്ടങ്ങളിൽ കേട്ടിരുന്നെങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചൈത്രാ മോഹന്റെ പേരിനാണ് മുൻതൂക്കം. ചാത്തന്നൂർ മുൻ എംഎൽഎ അന്തരിച്ച പ്രതാപവർമ തമ്പാന്റെ മകളാണ്. കൊല്ലത്താണ് താമസമെങ്കിലും ചാത്തന്നൂർ സ്വദേശിനിയാണ്. എൽഡിഎഫും യുഡിഎഫും പുതുമുഖങ്ങളെ കളരിയിലിറക്കുമ്പോൾ പോരാട്ടത്തിന് ആവേശം വർധിക്കും.
- പ്രദീപ് ചാത്തന്നൂർ
