ഏറ്റുമാനൂർ: തീപാറുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുള്ള നിയോജക മണ്ഡലമാണ് ഏറ്റുമാനൂർ. 1957ലും 1960ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു വിജയം. കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ1965 ൽ കേരള കോൺഗ്രസ് വിജയിച്ചു. 1967ലും 1970ലും കേരള കോൺഗ്രസ് രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായി. 1977 ൽ യുഡിഎഫിൽ കോൺഗ്രസിനായിരുന്നു സീറ്റ്. കോൺഗ്രസ് രണ്ടാമതെത്തി.
1980ൽ എൽഡിഎഫ് വിജയിച്ചു. 1982ൽ യുഡിഎഫിൽ സീറ്റ് ലഭിച്ച കേരള കോൺഗ്രസ് വിജയിച്ചു. 1987ൽ ഇരു മുന്നണികളെയും തോല്പിച്ച് സ്വതന്ത്രൻ വിജയിച്ചു. 1991ൽ തോമസ് ചാഴികാടനിലൂടെ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006 വരെ കേരള കോൺഗ്രസും ചാഴികാടനും വിജയം ആവർത്തിച്ചു.
2011ൽ മണ്ഡലം പുനർനിർണയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നിയോജക മണ്ഡലത്തോട് ചേർക്കുകയും കോട്ടയത്തുനിന്നും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ ഏറ്റുമാനൂരിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറി. ഏറ്റുമാനൂർ നഗരസഭയും അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഏറ്റുമാനൂർ നിയോജക മണ്ഡലം.
2011ൽ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിലെ തോമസ് ചാഴികാടനെ തോല്പിച്ച് കെ. സുരേഷ് കുറുപ്പ് മണ്ഡലം ഇടത് തീരത്തടുപ്പിച്ചു. 2016ൽ സുരേഷ് കുറുപ്പ് വിജയം ആവർത്തിച്ചു. 2021ൽ വി.എൻ. വാസവൻ എൽഡിഎഫിന്റെ വിജയം ആവർത്തിച്ചു. മൂന്നു തവണയും യുഡിഎഫിൽ സീറ്റ് കേരളാ കോൺഗ്രസിനായിരുന്നു.
മൂന്നു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി യുഡിഎഫ് പരാജയപ്പെട്ടതോടെ ഇത്തവണ സീറ്റ് കേരളാ കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുത്തു. എൽഡിഎഫിന്റെ കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെ സീറ്റ് ഏറ്റെടുത്ത കോൺഗ്രസിനും യുഡിഎഫിനും വിജയം അഭിമാന പ്രശ്നമാണ്.
മണ്ഡലം തിരിച്ചുപിടിക്കാൻ നാട്ടകം സുരേഷ്
ഇക്കുറി എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് സീറ്റ് ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ നാട്ടകം സുരേഷിന് വിജയിച്ചേ പറ്റൂ. നിയോജക മണ്ഡലത്തെ ഇളക്കിമറിക്കുന്ന പ്രചാരണമാണ് നടക്കുന്നത്.വികസന കാര്യത്തിൽ വി.എൻ. വാസവന്റെ അവകാശവാദങ്ങളെ ഖണ്ഡിച്ചു കൊണ്ടും നിയോജക മണ്ഡലത്തിന്റെ വികസനാവശ്യങ്ങൾ ഉയർത്തിയുമാണ് നാട്ടകം സുരേഷിന്റെ പ്രചാരണം മുന്നേറുന്നത്.
സർക്കാർ വിരുദ്ധ വികാരം തുണയാകുമെന്ന വിശ്വാസത്തിലാണവർ. യുഡിഎഫ് കോട്ടയായ അതിരമ്പുഴ പഞ്ചായത്തിലെ ഭൂരിപക്ഷമാണ് നിർണായകമാകുന്നത്. ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം 2500ന് അപ്പുറം പോകാതെ എൽഡിഎഫ് നോക്കുമ്പോൾ ഭൂരിപക്ഷം ആറായിരത്തിനു മുകളിൽ എത്തിക്കാനാണ് യുഡിഎഫിന്റെ ശ്രമം.
ഇതിനായി പരമാവധി താരപ്രചാരകരെ അതിരമ്പുഴയിൽ എത്തിക്കുകയാണവർ. ഇന്ന് രാഹുൽ ഗാന്ധിയും നാളെ ശശി തരൂരും അതിരമ്പുഴയിൽ എത്തും. മറ്റ് ദേശീയ – സംസ്ഥാന നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ എത്തും.
വിജയം ആവർത്തിക്കാൻ വി.എൻ. വാസവൻ
വി.എൻ. വാസവനിലൂടെ ഏറ്റുമാനൂരിന് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ചു. ഏറ്റുമാനൂരിൽ നടത്തിയ വികസനങ്ങൾ അക്കമിട്ടു പറഞ്ഞാണ് എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവൻ വീണ്ടും മത്സരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും വികസന പ്രവർത്തനങ്ങൾ നടന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിയോജക മണ്ഡലത്തിലെ മുഴുവൻ പിഡബ്ല്യുഡി റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കി. അതിരമ്പുഴ ടൗൺ വികസനം, കുമരകം കോണത്താറ്റ് പാലം, കാരിത്താസ് മേല്പാലം, ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ, പുന്നത്തുറ കമ്പനിക്കടവ് പാലം, ചീപ്പുങ്കൽ – മണിയാപറമ്പ് റോഡ്, ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളുടെ നവീകരണം, വിവിധ ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ, മാന്നാനം ചാവറ മ്യൂസിയം, വിവിധ സ്കൂളുകൾക്ക് ആധുനിക നിലവാരത്തിലുള്ള സൗകര്യങ്ങൾ തുടങ്ങി, പൂർത്തീകരിച്ചതും നിർമാണം പുരോഗമിക്കുന്നതുമായ പദ്ധതികൾ വി.എൻ. വാസവൻ ചൂണ്ടിക്കാട്ടുന്നു.
എൻഡിഎയ്ക്ക് കുതിപ്പേകാൻ ആതിര ഡി. നായർ
2016ൽ ബിഡിജെഎസും 2021 ൽ ബിജെപിയും മത്സരിച്ച എൻഡിഎ ഇത്തവണ കളത്തിലിറക്കുന്നത് ട്വന്റി 20യുടെ ആതിര ഡി. നായരെയാണ്. 25 കാരിയായ ആതിര സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ്.
യുവത്വത്തിന്റെ പ്രസരിപ്പോടെ നിയോജക മണ്ഡലത്തിൽ ഉടനീളം സാന്നിധ്യമറിയിച്ച് മുന്നേറുന്ന ആതിര നിയോജക മണ്ഡലത്തിന്റെ വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ട്.
പ്രധാനമന്ത്രി മോദിയിലൂടെ നിയോജക മണ്ഡലത്തിന് ലഭിക്കാവുന്ന വികസനക്കുതിപ്പ് ചൂണ്ടിക്കാട്ടിയാണ് ആതിരയുടെ പ്രചാരണം.
