അതിരപ്പിള്ളി(തൃശൂർ): അതിരപ്പിള്ളി മേഖലയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാനയാക്രമണത്തിൽ മൂന്നു മരണം. ഞായറാഴ്ച രാത്രി അതിരപ്പിള്ളി അടിച്ചിൽതൊട്ടി ഉന്നതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ ഇന്നലെ രാത്രി അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവും യുവതിയും കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. വാഴച്ചാലിൽ മരിച്ചത് ശാസ്താപൂവം ഊരിലെ അംബികയും (30), സതീഷും (34).
രണ്ട് സുഹൃത്തുക്കൾക്കൊപ്പം തേൻ എടുക്കാൻ പോയി തിരിച്ചുവരുമ്പോൾ ഞായറാഴ്ച രാത്രി 10 നാണ് സെബാസ്റ്റ്യനെ കാട്ടാന ആക്രമിച്ചത്. മൂവരും കോളനിക്ക് സമീപം വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. സെബാസ്റ്റ്യനും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ടെടുത്ത് എറിഞ്ഞു.
തുടർന്ന് ഒടി അടുത്തെത്തി ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്തുതന്നെ സെബാസ്റ്റ്യൻ മരിച്ചു. എല്ലുകൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തക്കൾ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. സെബാസ്റ്റ്യന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അതിരപ്പിള്ളി-വാഴച്ചാലിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ നാലംഗ സംഘത്തിലെ രണ്ടു പേരാണ് ഇന്നലെ രാത്രി കാട്ടാനയാക്രമണത്തിൽ മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയ സംഘത്തിലെ അംഗങ്ങളായിരുന്നു മരിച്ച അംബികയും സതീഷും. പ്രദേശത്ത് മൂന്നോളം കുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു. കാട്ടാനക്കൂട്ടം എത്തിയപ്പോൾ ചിതറിയോടിയ ഇവരെ ആനകൾ പിന്തുടർന്ന് ആക്രമിച്ചു.
സതീഷിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പാറപ്പുറത്തുനിന്നാണ് മൃതദേഹം കിട്ടിയത്. തുടർന്ന് വനംവകുപ്പിനെ അറിയിച്ചശേഷം നടത്തിയ പരിശോധനയിൽ അംബികയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റും. മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ആശ്വാസധനം നൽകാൻ കളക്ടർക്കും വനംവകുപ്പ് മേധാവിക്കും വനംമന്ത്രി നിർദേശം നൽകി. സംഭവത്തിൽ വകുപ്പ് മേധാവിയോട് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ അതിരിപ്പിള്ളി മേഖലയിൽ ആദിവാസി വീട്ടമ്മ മരിച്ചിരുന്നു. അതിരപ്പിള്ളി മേഖലയിൽ കാട്ടാന ആക്രമണങ്ങൾ രൂക്ഷമായിരിക്കുകയാണ്.