തൊടുപുഴ: ഇതര സംസ്ഥാനങ്ങളില്‍നിന്നുമെത്തി തൊഴിലെടുക്കുന്നവരുടെ സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അതിഥി ആപ് നിലവിലുണ്ടെങ്കിലും ഇതില്‍ രജിസ്റ്റര്‍ ചെയ്യാതെ നൂറുകണക്കിന് തൊഴിലാളികള്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നതായി സൂചന. ജില്ലയില്‍ തൊഴിലെടുക്കുന്നത് 29,207 ഇതര സംസ്ഥാനക്കാരെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ലയുടെ വിവിധ തൊഴില്‍ മേഖലകളിലായി മുപ്പതിനായിരത്തോളം അന്യ സംസ്ഥാനക്കാര്‍ ജോലിയെടുക്കുന്നതായി വ്യക്തമാകുന്നത്.
തൊഴില്‍ വകുപ്പ് ഇതര സംസ്ഥാനക്കാര്‍ക്കായി നടത്തുന്ന വിവിധ ക്ഷേമപദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ ക്രോഡീകരിച്ചതാണിത്. സര്‍ക്കാര്‍ രേഖകളിലില്ലാത്തവരുടെ കണക്കുകള്‍കൂടി ചേര്‍ക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇതിനേക്കാളേറെ വരും. രജിസ്റ്റര്‍ ചെയ്യാത്ത നൂറുകണക്കിന് തൊഴിലാളികളും വിവിധ കേന്ദ്രങ്ങളില്‍ ജോലിയെടുക്കുന്നതായി ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നുണ്ട്. ജില്ലയിലെ പല ടൗണുകളിലും മറ്റും അവധി ദിവസങ്ങളില്‍ കൂട്ടത്തോടെയാണ് ഇതര സംസ്ഥാനക്കാര്‍ തമ്പടിക്കു ന്നത്.
രജിസ്ട്രേഷനായിഅതിഥി ആപ്
തൊഴില്‍ സാധ്യതകള്‍ തേടി സംസ്ഥാനത്തേക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ട് തൊഴില്‍വകുപ്പ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി ഇവരുടെ വിവരശേഖരണം ലക്ഷ്യമിട്ടാണ് അതിഥി പോര്‍ട്ടലായ അതിഥി ആപ് പ്രവര്‍ത്തിക്കുന്നത്.
ഇതുവഴി സംസ്ഥാനത്തേക്കെത്തുന്നതിനു മുമ്പുതന്നെ തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കുന്നുണ്ട്. കൂടാതെ തൊഴിലാളികളുടെ രജിസ്ട്രേഷനും വിവരശേഖരണവും ലക്ഷ്യമിട്ട് ഏകീകൃത പോര്‍ട്ടല്‍ രൂപീകരിക്കുന്നതിനുളള നടപടികളും ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമപരമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കായി ചികിത്സാ സഹായം, മരണാനന്തര ധനസഹായം അടക്കമുളള വിവിധ ക്ഷേമപദ്ധതികളും വകുപ്പ് നടപ്പാക്കുന്നുണ്ട്.
ഇനിയും രജിസ്റ്റര്ചെയ്യാത്തവരും
അതിഥി ആപ് വഴി രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികൾ ഏറെയുണ്ട്. ജില്ലയിലെ വിവിധ തോട്ടങ്ങളിലും ഫാക്ടറികളിലും മറ്റ് നിര്‍മാണ, ഹോട്ടല്‍ മേഖലകളിലുമായാണ് ഇവരുടെ പ്രവർത്തനം. തൊഴിലാളികളായി വരുന്ന എല്ലാ ഇതര സംസ്ഥാനക്കാരും ഏതെങ്കിലും കരാറുകാര്‍ മുഖേന വരുന്നവരല്ലെന്നതാണ് ഇക്കാര്യത്തില്‍ പ്രതിസന്ധി.
പലരും കുടുംബ സമേതമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്താന്‍ അസി. ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍, തോട്ടം മേഖലകള്‍ അടക്കം പരിശോധനകളും നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ തൊഴിലുടമകള്‍ക്കും ഏജന്റുമാര്ക്കുമടക്കം നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുറ്റകൃത്യങ്ങളിലും വര്‍ധന
ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് അവര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. പ്രധാനമായും ലഹരിയധിഷ്ഠിത കുറ്റകൃത്യങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലും ഏര്‍പ്പെടുന്നതെന്നാണ് പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏതാനും ദിവസം മുമ്പ് പുളിയന്മലയില് ഇതര സംസ്ഥാനത്തൊഴിലാളി ലഹരി ഉപയോഗത്തിനു ശേഷം വീട് അടിച്ചു തകര്‍ത്തിരുന്നു. ലഹരി ഉപയോഗത്തിനു പുറമേ മോഷണം, അടിപിടി അടക്കമുളള കേസുകളിലും അവര്‍ ഉള്‍പ്പെടുന്നുണ്ട്.
കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വിപണനവും ചൂതാട്ടവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കിടയില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ വരുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതും വാടകവീടുകള്‍ നല്‍കുന്നതും നിയമ നടപടികള്‍ക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഇതൊന്നും പാലിക്കാതെ പല ടൗണുകളിലും ചെറു കെട്ടിടങ്ങളിലും താത്കാലിക സംവിധാനങ്ങളിലും ഇവര്‍ കൂട്ടത്തോടെയാണ് താമസിക്കുന്നത്. ഇതര സംസ്ഥാന ക്യാമ്പുകളില്‍ പോലീസ് പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
