അറുപതു പൗണ്ടു തൂക്കമുള്ള പിറ്റ്ബുൾ ഇനത്തിൽപെട്ട നായ കുട്ടിക്കുനേരെ ചീറി അടുത്തു; ശരീരമാസകലം മുറിവേറ്റ കുട്ടി രക്തം വാര്‍ന്നൊലിച്ചു നിലത്തു വീണു; ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…

മിഷിഗൺ: നായയുടെ ആക്രമണത്തിൽ നാലു വയസുകാരനു ദാരുണാന്ത്യം. ഒക്ടോബർ 29 നായിരുന്നു സംഭവം. സഹോദരിയുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അറുപതു പൗണ്ടു തൂക്കമുള്ള പിറ്റ്ബുൾ ഇനത്തിൽപെട്ട നായ യാതൊരു പ്രകോപനവുമില്ലാതെ കുട്ടിക്കുനേരെ ചീറി അടുക്കുകയായിരുന്നു.

ഇതേ സമയം വീടിനകത്തുണ്ടായിരുന്ന മാതാവ് തന്‍റെ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ചു പിറ്റ്‍ബുള്ളിന്‍റെ ആക്രമണത്തെ ചെറുത്തുവെങ്കിലും ശരീരമാസകലം മുറിവേറ്റ കുട്ടി രക്തം വാർന്നൊലിച്ചു നിലത്തു വീണിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണിതെന്ന് ഹസൽ പാർക്ക് പോലീസ് ചീഫ് ബ്രയാൻ പറഞ്ഞു. പോലീസുകാരെത്തിത്തിയാണ് പിറ്റ്ബുള്ളിനു നേരെ ടേസർ ഉപയോഗിച്ചു ശാന്തമാക്കിയത്. പിന്നീട് നായയെ അനിമൽ പ്രൊട്ടക്ഷൻ വകുപ്പ് ഏറ്റെടുത്തു. പിറ്റ്‌ബുൾ ഇവരുടേതായിരുന്നില്ലെന്നും കൂട്ടുകാരന്‍റെ നായയെ ഒരു ദിവസത്തേക്ക് നോക്കാൻ ഏൽപിച്ചതായിരുന്നുവെന്നും പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts