അഗളി: അട്ടപ്പാടിയിൽ നേന്ത്രവാഴക്കുല എടുക്കാൻ കച്ചവടക്കാരില്ല. ഏത്തക്കായ കിലോയ്ക്ക് 10 രൂപ തോട്ടത്തിൽ പറഞ്ഞിട്ടും കച്ചവടക്കാർ എടുക്കാൻ തയ്യാറാവുന്നില്ല എന്ന് കർഷകർ പറയുന്നു. ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും കടം വാങ്ങിയും നേന്ത്രവാഴ കൃഷി നടത്തിയ നൂറുകണക്കിന് കർഷകർ അട്ടപ്പാടിയിൽ ദുരിതം അനുഭവിക്കുകയാണ്. മുൻവർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കിലോയ്ക്ക് 40-42 രൂപ വരെ വില ലഭിച്ചിരുന്ന നേന്ത്രക്കുലയ്ക്ക് ഇപ്പോൾ പത്തുരൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
ഏറെ പ്രതീക്ഷകളോടെ വൻ തുക കടമെടുത്ത കൃഷിയിറക്കിയ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് കർഷകൻ കുടിലുമറ്റത്തിൽ രാജേഷ് പറഞ്ഞു. കോട്ടത്തറ, ഭൂതിവഴി, പുലിയറ, അഗളി പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ പതിനായിരത്തിലധികം നേന്ത്രവാഴകളാണ് രാജേഷ് കൃഷി ചെയ്തിട്ടുള്ളത്. വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതിൽ താങ്ങാനാകാത്ത നഷ്ടമാണ് കർഷകർ നേരിടുന്നത്.
പാലക്കയം സ്വദേശി കൊച്ചേരിയിൽ വീട്ടിൽ അനീഷ് മാത്യു അട്ടപ്പാടി പാലൂരിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് 1500 ഏത്തവാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. തച്ചമ്പാറ സർവീസ് സഹകരണ ബാങ്കിൽനിന്നും ലക്ഷങ്ങൾ ബാങ്കുവായ്പയെടുത്തതാണ് കൃഷിയിറക്കിയത്. പാലൂരിൽ കുന്നുംപുറത്ത് ജോൺസൺ വർക്കി 2500 നേന്ത്രവാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. അനീഷിന്റെയും ജോൺസന്റെയും വാഴകൾ കുലച്ച് വിൽക്കാനാകാതെ തോട്ടത്തിൽതന്നെ പഴുത്തുനിൽക്കുകയാണ്.
കുറെ പഴുത്ത വാഴക്കുലകൾ വെട്ടി കാഞ്ഞിരത്ത് മാർക്കറ്റിൽ എത്തിച്ചെങ്കിലും കിലോയ്ക്ക് 18 രൂപ മാത്രമാണ് ലഭിച്ചത്. കുലവെട്ട്, ചുമട്, ലോഡിംഗ്, വണ്ടിക്കൂലി തുടങ്ങിയ എല്ലാ ചെലവുകളും ഇതിൽ നിന്നും വഹിക്കണം. മാത്രമല്ല ഇനി ഒരറിയിപ്പ് വരുന്നത് വരെ നേന്ത്രക്കുലകൾ വേണ്ടന്ന് കച്ചവടക്കാർ മുന്നറിയിപ്പ് നൽകി. കാട്ടാന, മയിൽ, കാട്ടുപന്നി തുടങ്ങി വന്യജീവികളിൽനിന്നും മറ്റുപ്രകൃതി ക്ഷോഭങ്ങളിൽ നിന്നും കാത്തുരക്ഷിച്ചു ഒരു കുല പാകപ്പെടുത്തിയെടുക്കാൻ 250-300രൂപ വേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.
പത്തുമുതൽ പതിനഞ്ച് കിലോവരെയാണ് സാധാരണ ഒരു കുലയ്ക്ക് തൂക്കമുണ്ടാകുക. ഈ കണക്കിൽ കർഷകന് ഉണ്ടാകുന്ന നഷ്ടം താങ്ങാവുന്നതിലും അപ്പുറമാണ്. അട്ടപ്പാടിയിൽ ചെറുതും വലുതുമായി നേന്ത്രവാഴ കൃഷി ചെയ്യുന്ന നൂറുകണക്കിന് കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും സ്വർണമുഖി, തേനികുള്ളൻ തുടങ്ങി ക്വിന്റൽ വാഴക്കുലകൾ വിപണിയിലെത്തുന്നതാണ് നേന്ത്രവാഴകുലകൾക്ക് വിലയിടിയാൻ കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.സ്വർണം പണയപ്പെടുത്തിയും ബാങ്ക് വായ്പയെടുത്തും വാഴകൃഷി ചെയ്ത കർഷകർക്ക് ബാങ്കിൽനിന്നും നോട്ടീസുകൾ വന്നുകൊണ്ടിരിക്കുകയാണിപ്പോൾ. കൃഷിക്കാർ ഇന്നു നേരിടുന്ന ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടു.
