മലയാളസിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായ നിവിൻ പോളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റ് മാറിയതിനു പിന്നാലെ നിവിന്റെ വലിയ നേട്ടം നടനും സംവിധായകനുമായ വിനീത് നേരത്തെ പ്രവചിച്ചിരുന്നതായി നടൻ അജുവർഗീസ്. നിവിൻ പോളിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ് വൈകാരിക കുറിപ്പ് പങ്കുവച്ചത്.
അജുവിന്റെ വാക്കുകൾ… ‘വർഷങ്ങൾക്ക് മുന്പ് നിനക്ക് നഷ്ടമായതിനെ, ക്ഷമയോടെയും കഷ്ടപ്പാടുകളോടും കൂടിയുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശകരെയും ഒരു പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. നീ ഒരു പ്രചോദനമാണ്!. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.
വിനീതിന്റെ ഒരു ദീർഘവീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രം. ‘നിതിൻ മോളിവുഡ്’ എന്ന് എഴുതിയ ഒരു പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള ആ രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞിരുന്നു ഇത് വളരെ വേഗം, അതിവേഗം സംഭവിക്കുമെന്ന്’ അജു കുറിച്ചു.
വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിതിൻ മോളി എന്ന സൂപ്പർതാരമായാണ് നിവിൻ വേഷമിട്ടിരുന്നത്. നിരവധി പരാജയ ചിത്രങ്ങൾക്കുശേഷം ഗംഭീര ഹിറ്റ് സ്വന്തമാക്കിയ കഥാപാത്രമായിരുന്നു നിവിന്റെ നിതിൻ മോളി. നിവിന്റെ തന്നെ കരിയറിലെ ചില കഥാപാത്രങ്ങളെയും താരപദവിയെയും സ്പൂഫ് ചെയ്ത കഥാപാത്രമായിരുന്നു നിതിൻ മോളി. ഈ കഥാപാത്രത്തിന്റേതിന് സമാനമായാണ് മലയാളത്തിൽ ഇന്ഡസ്ട്രി ഹിറ്റ് അടിച്ച് നിവിൻ മുന്നേറുന്നത്.
ഇതിനിടിയിൽ ബിഎച്ച്യു (ബെത്ലഹേം കുടുംബയൂണിറ്റ്) കേരള ബോക്സ്ഓഫിസിൽ ഏറ്റവുമധികം കലക്ഷൻ നേടുന്ന ചിത്രമായി മാറി. ഏകദേശം 130 കോടിയാണ് ചിത്രം കേരളത്തിൽ നിന്നു മാത്രം വാരിയത്. ഈ വര്ഷം തന്നെ പുറത്തിറങ്ങിയ ‘വാഴ 2’വിനെ തകർത്താണ് ‘ബെത്ലഹേം’ ഇന്ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
123 കോടിയായിരുന്നു വാഴ 2വിന്റെ കേരള ബോക്സ് ഓഫിസ് കലക്ഷന്. സിനിമ മൂന്നാം വാരത്തിലെത്തുമ്പോൾ ആഗോള ബോക്സ്ഓഫിസ് കലക്ഷൻ 288 കോടിയാണ്. അതേസമയം ആഗോള കലക്ഷനിൽ (300 കോടി) ഇപ്പോഴും മുന്നിൽ ലോകയാണ്.
