മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളായ ബീന ആന്റണിയും ഭര്‍ത്താവ് മനോജും ഇനി കുടുംബക്കോടതിയില്‍…

മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളായ ബീന ആന്റണിയും ഭര്‍ത്താവ് മനോജും ഇനി കുടുംബക്കോടതിയില്‍. കുടുംബക്കോടതി എന്നു കേട്ടു ഞെട്ടണ്ട, പുതിയ ടെലിവിഷന്‍ പരമ്പരയാണ് കുടുംബക്കോടതി. സീരിയലില്‍ അഡ്വക്കേറ്റ് ശശീന്ദ്രന്‍ എന്ന റോളിലാണ് മനോജ് എത്തുന്നത്.അദ്ദേഹത്തിന്റെ ഭാര്യയായ ജമന്തിയുടെ റോളിലാണ് ബീന ആന്റണിയുടെ വരവ്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തിയത്. അതിന് പിന്നാലെയായാണ് വീണ്ടും അതിനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചത്. പരമ്പരകള്‍ക്ക് പുറമേ മറ്റ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. കുടുംബ കോടതിയെന്നൊക്കെയാണ് പേരെങ്കിലും സംഭവം ഹാസ്യമാണ്. നിരവധി സീരിയലുകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജീവന്‍ വേണുഗോപാലാണ് ബീന ആന്റണിയുടേയും മനോജിന്റേയും മകനായി എത്തുന്നത്.

മെയ് 20 മുതല്‍ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങും. സീരിയസ് കഥാപാത്രങ്ങളായാലും കോമഡിയായാലും അത് തങ്ങളില്‍ ഭദ്രമായിരിക്കുമെന്ന് ഇരുവരും നേരത്തെ തന്നെ തെളിയിച്ചതാണ്. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ചത്. തുടക്കത്തിലെ എതിര്‍പ്പുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും മിനിസ്‌ക്രീനില്‍ സജീവമാണ് ഇരുവരും. ഒരുമിച്ചും അല്ലാതെയുമായി നിരവധി പരരമ്പരകളിലാണ് ഇരുവരും അഭിനയിക്കുന്നത്. മകനായ ശങ്കരുവും ഇടയ്ക്ക് ഇവര്‍ക്കൊപ്പമെത്താറുണ്ട്. മാതൃകാ ദമ്പതികളായാണ് പലരും ഇവരെ വിശേഷിപ്പിക്കാറുള്ളത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ് ഇരുവരും.

Related posts