തലയോലപ്പറമ്പ്: പാചകവാതകത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പിൻബലത്തിൽ കൂളായിരിക്കുകയാണ് തലയോലപ്പറമ്പ് ചേമ്പാല ഭവനിലെ ഗൃഹനാഥ ബീനാ പുരുഷോത്തമൻ. വീട്ടിലെയും സമീപത്തെ അങ്കണവാടിയിലെയും ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്റാണ് പാചകവാതക ക്ഷാമത്തിൽ കുടുംബത്തിന് രക്ഷയായത്.
ബന്ധുവീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രയോജനം നേരിൽക്കണ്ട് മനസിലാക്കിയതിനെ തുടർന്നാണ് ഒരു വർഷം മുൻപ് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചതെന്ന് പുരുഷോത്തമൻ പറഞ്ഞു. വീട്ടിലെ ആഹാര അവശിഷ്ടങ്ങൾക്കൊപ്പം തൊട്ടടുത്തുള്ള അങ്കണവാടിയിലെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാന്റിൽ നിക്ഷേപിക്കുന്നുണ്ട്. ദിവസേന രാവിലെയും വൈകുന്നേരവുമായി മൂന്നു മണിക്കൂറോളം സമയം പാചകവാതകം ഇതിൽനിന്ന് ലഭിക്കുന്നുണ്ട്.
