പത്തനംതിട്ട: ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകള്‍ സര്‍വയലന്‍സ് സോണില്‍ ഉള്‍പ്പെടുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസണ്‍മീറ്റ്, മറ്റു പക്ഷി ഉത്പന്നങ്ങള്‍, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും പക്ഷികളുടെയും പക്ഷി ഉത്പന്നങ്ങളുടെകടത്തലും ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്കു നിരോധിച്ചു ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.
ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണം.തിരുവല്ല തഹസില്‍ദാര്‍ നിരോധനം ഉറപ്പാക്കണം. നിരോധിതമേഖലയില്‍ നിരോധിത ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങള്‍ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷ ഓഫീസറെ ചുമതലപ്പെടുത്തി.
